ഇവിടെ സൂര്യൻ അസ്തമിക്കില്ല! ഭൂമിയിൽ മാസങ്ങളോളം സൂര്യൻ അസ്തമിക്കാത്ത സ്ഥലങ്ങൾ..

ലോകത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യരുടെ ദൈനംദിന ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ സൂര്യോദയവും സൂര്യാസ്തമയവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നിരുന്നാലും വർഷത്തിൽ ചില സമയങ്ങളിൽ ഈ പതിവ് മാറുന്ന അസാധാരണമായ ചില സ്ഥലങ്ങൾ ഭൂമിയിലുണ്ട്. ഈ സ്ഥലങ്ങളിൽ, സൂര്യൻ അസ്തമിക്കാതെ ദിവസങ്ങളോ മാസങ്ങളോ ആകാശത്ത് നിൽക്കുന്നു. ഈ അവിശ്വസനീയമായ പ്രതിഭാസം ‘മിഡ്നൈറ്റ് സൺ’ എന്നാണ് അറിയപ്പെടുന്നത്.

ഈ പ്രദേശങ്ങളിലെ നിവാസികൾ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന പകൽ വെളിച്ചവുമായി പൊരുത്തപ്പെടാൻ പഠിച്ചു കഴിഞ്ഞു. അതുപോലെ ആഴ്ചകളോളം ഉള്ള ഇരുട്ടും. സഞ്ചാരികൾക്ക് ഇത് അതിശയകരവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. ഇതുപോലെ മറ്റ് ചില സ്ഥലങ്ങൾ കൂടിയുണ്ട്.

നോർവേയിൽ, പ്രത്യേകിച്ച് ആർട്ടിക് സർക്കിളിന് മുകളിലുള്ള പ്രദേശങ്ങളിൽ വേനൽക്കാലത്ത് സൂര്യൻ അസ്തമിക്കാറില്ല. മെയ് പകുതി മുതൽ ജൂലൈ അവസാനം വരെ, ട്രോംസോ പോലുള്ള വടക്കൻ പട്ടണങ്ങളിൽ 24 മണിക്കൂറും സൂര്യപ്രകാശം ലഭിക്കും. യൂറോപ്പിലെ ഏറ്റവും വടക്കേയറ്റത്തുള്ള സ്ഥലങ്ങളിൽ ഒന്നായ സ്വാൽബാർഡിൽ ഏപ്രിൽ 10 മുതൽ ഓഗസ്റ്റ് 23 വരെ സൂര്യൻ ഉദിച്ചുതന്നെ നിൽക്കും.

ഐസ്‌ലാൻഡിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ആർട്ടിക് സർക്കിളിനുള്ളിലുള്ളൂവെങ്കിലും വേനൽക്കാലത്ത് ഇപ്പോഴും വളരെ നീണ്ട പകലുകൾ ലഭിക്കാറുണ്ട്. ജൂണിൽ അകുരേയ്രി, ഗ്രിംസി ദ്വീപ് പോലുള്ള സ്ഥലങ്ങൾ അർദ്ധരാത്രിയിൽ പോലും പ്രകാശമുണ്ടാകും. സൂര്യൻ അല്പം താഴെ പോയേക്കാം എങ്കിലും ഒരിക്കലും പൂർണ്ണമായി ഇരുട്ടാകില്ല. ആഴ്ചകളോളം രാത്രികൾ വൈകുന്നേരങ്ങൾ പോലെയാണ് ഇവിടെ കാണപ്പെടുന്നത്.

ആർട്ടിക് സർക്കിളിന് തൊട്ടു മുകളിലാണ് വടക്കൻ കാനഡയിലെ നുനാവട്ട് സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത്, ഇവിടുത്തെ ചില പ്രദേശങ്ങളിൽ ഏകദേശം രണ്ട് മാസത്തേക്ക് 24 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നു. ഇതിനു വിപരീതമായി, ശൈത്യകാലം ആഴ്ചകളോളം പൂർണ്ണമായും ഇരുട്ടിലായിരിക്കും. ഒരു വലിയ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ചെറിയ ജനസംഖ്യയുള്ള ഇവിടെ പകൽവെളിച്ചത്തിലെ ഈ തീവ്രമായ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ആളുകൾ തങ്ങളുടെ ദൈനംദിനജീവിതം ക്രമീകരിക്കുന്നത്.

അലാസ്കയിലെ വടക്കേ അറ്റത്തുള്ള പട്ടണമാണ് ഇപ്പോൾ ഉട്കിയാഡ്വിക് എന്നറിയപ്പെടുന്ന ബാരോ. മെയ് അവസാനം മുതൽ ജൂലൈ അവസാനം വരെ സൂര്യൻ ദിവസം മുഴുവൻ ഉദിച്ച നിൽക്കും. ഏകദേശം 70 ദിവസം തുടർച്ചയായി പകൽ വെളിച്ചം ലഭിക്കും. പിന്നീട്, നവംബർ മുതൽ, നഗരം ഒരു രാത്രിയിലേക്ക് പ്രവേശിക്കുന്നു, അവിടെ ഏകദേശം 30 ദിവസത്തേക്ക് സൂര്യൻ ഉദിക്കില്ല.

Read more

വടക്കൻ സ്വീഡനിലും വേനൽക്കാലത്ത് ദീർഘനേരം പകൽ വെളിച്ചം അനുഭവപ്പെടാറുണ്ട്. മെയ് ആദ്യം മുതൽ ഓഗസ്റ്റ് അവസാനം വരെ ആർട്ടിക് മേഖലയിലെ പ്രദേശങ്ങളിൽ അർദ്ധരാത്രിയിൽ സൂര്യൻ അസ്തമിക്കുകയും ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും ഉദിക്കുകയും ചെയ്യും. ചില വടക്കൻ സ്ഥലങ്ങളിൽ, സൂര്യൻ ആഴ്ചകളോളം തുടർച്ചയായി ഉദിച്ചുയരാറുമുണ്ട്.