ഹിന്ദു മുസ്ലിം ഐക്യത്തിന്റെ വെല്ലുവിളികള്‍

ഇന്ത്യയില്‍ ഇസ്ലാം അപകടത്തിലല്ല എന്നും ഹിന്ദു-മുസ്ലിം സമാധാനത്തിന് പരസ്പര ചര്‍ച്ചകള്‍ ആവശ്യമാണെന്നും ആറെസ്സെസ്സിന്റെ സര്‍സംഘചാലക് മോഹന്‍ ഭഗവത് അടുത്തിടെ പ്രസ്താവിക്കുകയുണ്ടായി. മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്നു പറയുന്നവരും ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നവരും ഹിന്ദുത്വത്തിന് എതിരാണെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന സാമൂദായികസൗഹാര്‍ദ്ദം ആഗ്രഹിക്കുന്നവര്‍ക്കും സമൂഹപുരോഗതിയും കാംക്ഷിക്കുന്നവര്‍ക്കും ആശ്വാസം തോന്നിച്ച കാര്യങ്ങളാണ്.

മേല്‍പ്പറഞ്ഞ പ്രസ്താവനയുടെ പേരില്‍ താന്‍ മുസ്ലീം പ്രീണനം നടത്തുകകയാണെന്ന് തന്റെ പ്രസ്ഥാനം തന്നെ വിമര്‍ശനവിധേയനാക്കിയേക്കാമെന്നും കൂടി അദ്ദേഹം ചേര്‍ത്തതാണ് മറ്റൊരു കൗതുകം. പുതിയ പൗരത്വനിയമഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണയ്ക്കുന്ന തന്റെ പ്രസംഗത്തിനിടയിലായിരുന്നു പ്രസ്തുത പ്രസ്താവനകള്‍. ഈ രണ്ട് ശ്രമങ്ങളും ഐക്യരാഷ്ട്രസംഘടന അടക്കമുള്ള സമൂഹങ്ങളാല്‍ വിമര്‍ശിക്കപ്പെട്ട സമയത്തായിരുന്നു ഇത്.

പരസ്പരവിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സാമുദായികസൗഹാര്‍ദ്ദം പടുത്തുയര്‍ത്തേണ്ടത്. ‘ഇന്‍ഡ്യ ആസ് എ നേഷന്‍ ഇന്‍ ദി മേക്കിംഗ്’ എന്ന തന്റെ രചനയില്‍ ഗാന്ധിജി ഇത് വിശദീകരിക്കുന്നു. എല്ലാ മത-ജാതി സമൂഹങ്ങളെയും ദേശീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചത് തന്റെ ദേശീയസങ്കല്‍പത്തില്‍ ഒരു മതത്തെയും പ്രാമാണ്യവത്കരിക്കാത്തതിനാലാണ്. ‘ഞാന്‍ എന്റെ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നത് ഏതൊരു ഭാരതത്തിന്റെ സ്ഥാപനത്തിനുവേണ്ടിയാണോ അതില്‍ ഓരോ വ്യക്തിക്കും അയാള്‍ ഏത് മതത്തില്‍ വിശ്വസിക്കുന്നയാളായാലും മറ്റാര്‍ക്കും തുല്യമായ അന്തസ്സ് നല്‍കപ്പെടുന്നതും രാഷ്ട്രം പരിപൂര്‍ണ്ണമായും മതനിരപേക്ഷവുമായിരിക്കും. ഒരാളുടെ മതം എന്നത് ദേശീയതയുമായി ബന്ധമില്ലാത്തതും ആ വ്യക്തിയും ദൈവവുമായും മാത്രം ബന്ധമുള്ളതുമാണ്. മതം എന്നത് തികച്ചും വ്യക്തിപരമായതും ദേശവും രാഷ്ട്രീയവുമായും ഒരു തരത്തിലും ബന്ധപ്പെടുത്തരുതാത്തതുമാണ്.’ (ഹരിജന്‍ ആഗസ്റ്റ് 31, 1947)

മദ്ധ്യകാലത്ത് ഹിന്ദു-മുസ്ലീം സാംസ്‌കാരിക കൂടക്കലരലിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഭക്തിപ്രസ്ഥാനവും സൂഫിധാരയുമെല്ലാം ദൃഷ്ടാന്തങ്ങളാണ്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചുഭരിക്കുക എന്ന തന്ത്രപ്രയോഗത്തിനുമുമ്പ് മതപരമായ ശത്രുത വളരുന്ന സാഹചര്യം ഇന്ത്യയിലുണ്ടായിരുന്നില്ല. അവരുടെ മനപൂര്‍വ്വമായ നയവൈകല്യങ്ങളിലൂടെ സമുദായസംഘടനകള്‍ ഉദയം ചെയ്യാന്‍ കാരണമായി.

കോളനി ഭരണകാലത്ത് വര്‍ഗ്ഗീയശക്തികള്‍ സ്വാതന്ത്ര്യസമരമുഖത്തുനിന്നും അതുപോലെ സാമൂഹ്യപരിഷ്‌കരണ പ്രയത്‌നങ്ങളില്‍നിന്നും ഒഴിവായി നില്‍ക്കുകമാത്രമല്ല തങ്ങളുടെ സമുദായത്തിനുള്ളില്‍ ചരിത്രത്തെ വികലമാക്കി പഠിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. സതിനിരോധനം, ദളിത് മോചനം, ജാതിവിവേചന നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ പരിഷ്‌കരണശ്രമങ്ങളോട് നിസ്സഹകരിച്ചിരുന്ന ഭൂപ്രഭുക്കന്‍മാരിലും പുരോഹിതവര്‍ഗ്ഗത്തിലുമായിരുന്നു അവര്‍ക്ക് സ്വാധീനം. സ്വാതന്ത്ര്യാനന്തര കാലത്തും ഒരു സവര്‍ണ്ണ വര്‍ഗ്ഗീയധാര എപ്പോഴും സമൂഹത്തിന് സമാന്തരമായാണ് സഞ്ചരിച്ചത്. അവര്‍ രാജ്യത്തുടനീളം ശാഖകള്‍ ചേരുകയും പിന്നീട് മാധ്യമങ്ങള്‍, ഐടി സെല്‍, നവമാധ്യമങ്ങള്‍ ഇവയെല്ലാം ആയുധങ്ങളാക്കുകയും ഗാന്ധിജി, നെഹ്രു, അംബേദ്കര്‍, പട്ടേല്‍, മൗലാനാ മുതലായ നേതാക്കളുടെ വീക്ഷണങ്ങള്‍ക്കു വിരുദ്ധമായി മുസ്ലിം ക്രിസ്ത്യന്‍ വിരോധം വളര്‍ത്തുന്നതില്‍ ശ്രദ്ധവെക്കുകയും ചെയ്തു. ആയിരക്കണക്കിന് പ്രചാരകന്‍മാരില്‍ക്കൂടിയും ലക്ഷക്കണക്കിന് വോളന്റിയര്‍മാരെ വളര്‍ത്തിയും അവര്‍ മേല്‍ക്കൈ നേടാന്‍ ശ്രമിക്കുന്നു. നല്ലൊരു ശതമാനം ജനങ്ങള്‍ക്കിടയില്‍ ഇന്ന് മുസ്ലീങ്ങള്‍ വിദേശികളാണെന്നും അവര്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ഹിന്ദുക്കളെ വാളുകൊണ്ട് മതപരിവര്‍ത്തനം ചെയ്യിക്കുകയായിരുന്നുവെന്നും ബഹുഭാര്യാത്തത്തില്‍ക്കൂടി പെറ്റുപെരുകുന്ന, മാട്ടിറച്ചി ഭക്ഷിക്കുന്ന, അക്രമാസക്തരായ ജനവിഭാഗമാണെന്നുമുളള അവബോധം വളര്‍ത്തിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

ഇസ്ലാം അപകടത്തിലൊന്നുമല്ല. എന്നാല്‍ ആരോ ചെയ്യുന്ന തീവ്രവാദപ്രവര്‍ത്തനം, ബഹുഭാര്യാത്തം ഇതിന്റെയെല്ലാം പേരില്‍ ആക്രമണങ്ങളുടെയും ആള്‍ക്കൂട്ട വിചാരണകളുടെയും ഇരകളാകുന്നത് മുസ്ലീങ്ങളാണ്. ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്യാന്‍ കഴിയാത്തവണ്ണം മുസ്ലീങ്ങളെ അപരവത്കരിക്കാനും അത്തരം കാര്യങ്ങള്‍ക്കായി മോഹന്‍ഭഗവത് പ്രകാശനം ചെയ്ത പുസ്തകം പോലും ഉപയോഗിക്കുകയും ചെയ്യുന്നു.

മോഹന്‍ ഭഗവതിന്റെ പ്രസ്താവനകള്‍ക്ക് ഇരട്ടമുഖമാണ്. ഒരു ഭാഗത്ത് അത് നമുക്ക് ഒരാശ്വാസം തോന്നിപ്പിക്കുകയും മറ്റൊരു ഭാഗത്തുകൂടി പൗരത്വവിഷയത്തെ സംബന്ധിച്ച് ഭീതിവളര്‍ത്തുകയും ചെയ്യുന്നുണ്ട്. അസഹിഷണുതയുടെയും അക്രമങ്ങളുടെയും ഉത്തരവാദിത്വം ന്യൂനപക്ഷത്തിന്റെ തലയില്‍ വെക്കാം എന്ന് പ്രതീക്ഷ എപ്പോഴുമദ്ദേഹം വെച്ചുപുലര്‍ത്തുന്നതുപോലെ തോന്നുന്നുണ്ട്. താന്‍ തലപ്പത്തിരിക്കുന്ന സംഘടനയുടെ പാഠ്യ-ബോധന പദ്ധതികളില്‍ മാറ്റം വരുത്തിയാല്‍ മാത്രം അദ്ദേഹത്തിന്റെ സംവാദത്തിനായുള്ള ക്ഷണം സ്വീകാര്യമാണ്.

ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും പരിശീലനം നേടിയിരിക്കുന്ന ആയിരക്കണക്കിന്, ലക്ഷക്കണക്കിനാളുകളടങ്ങുന്ന സന്നദ്ധസംഘത്തില്‍നിന്നും സ്‌നേഹമോ പരിഗണനയോ ലഭിക്കാവതല്ല. ആ വലിയ പ്രസ്ഥാനം ബാലന്‍മാരില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന വികലചിന്താഗതിയെ പുനപരിശോധിക്കാന്‍ തയ്യാറാകുമോ ? സ്‌കൂള്‍ പുസ്തകങ്ങളിലെ ചരിത്രപാഠങ്ങള്‍ പലതും തങ്ങളുടെ വാദഗതികള്‍ക്കനുകൂലമായി വക്രീകരിച്ചിരിക്കുന്ന അവര്‍ ആ ഉദ്യമത്തില്‍നിന്നും പിന്‍മാറുമോ ?

മിതത്വമുള്ള വാക്കുകള്‍ക്ക് തീര്‍ച്ചയായും നമ്മള്‍ സ്വാഗതം പറയണം. പക്ഷെ അത് സാമ്രാജ്യത്തമോഹങ്ങള്‍ക്കെതിരായ പോരാട്ടങ്ങളോട് സഹവര്‍ത്തിത്വവും അനുഭാവവും പുലര്‍ത്തുന്നതാകണം. ഗാന്ധിജിയുടെ ഹിന്ദ് സ്വരാജും നെഹ്‌റുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയും നമ്മുടെ ദേശീയസങ്കല്‍പ്പത്തിന് അടിത്തറ പാകിയതാണ്. അടുത്തകാലത്ത് പരിപോഷിപ്പിച്ചെടുത്ത വെറുപ്പ് പരസ്പരം മനസ്സിലാക്കലിന്റെ അടിസ്ഥാനത്തില്‍ ഇല്ലാതാകണം. പരസ്പരം അപരവത്കരിക്കുന്ന ഈ സ്ഥിതിവിശേഷം രാഷ്ട്രപിതാവായ മഹാത്മാവിന്റെ സ്മരണയിലെങ്കിലും നമ്മള്‍ മാറ്റിയെടുത്തേ മതിയാകൂ.

ഭിന്നിപ്പിന്റെ മാര്‍ഗ്ഗത്തില്‍നിന്നും ഈ ബഹുസ്വരസമൂഹത്തെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നതിന് മോഹന്‍ഭഗവതിന്റെ വാക്കുകള്‍ ആ പ്രസ്ഥാനത്തിന് പ്രചോദനമാകുമെങ്കില്‍ പരസ്പരസംഭാഷണങ്ങള്‍ക്ക് അര്‍ത്ഥം കൈവരും.


സ്വതന്ത്ര വിവർത്തനം : സാലിഹ് റാവുത്തർ