490 കി.മീ റേഞ്ച്, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എംപിവിയുമായി കിയ !

തങ്ങളുടെ ആദ്യത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. ഐസി എഞ്ചിൻ പതിപ്പിനെ പോലെതന്നെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്കും ബജറ്റുകൾക്കും അനുയോജ്യമായ ഒന്നിലധികം വേരിയന്റുകളിൽ മോഡൽ ലഭ്യമാണ്. 2025 കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ പ്രധാന ഹൈലൈറ്റുകൾ നോക്കാം..

പുതിയ കിയ കാരെൻസ് ക്ലാവിസ് ഇവി ഫാമിലി ഇലക്ട്രിക് കാർ ആറ് നിറങ്ങളിൽ സ്വന്തമാക്കാനാകും. ഐവറി സിൽവർ മാറ്റ്, ഗ്ലേഷ്യർ വൈറ്റ് പേൾ, പെർറ്റർ ഒലീവ്, അറോറ ബ്ലാക്ക് പേൾ, ഇംപീരിയൽ ബ്ലൂ, ഗ്രാവിറ്റി ഗ്രേ എന്നീ നിറങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാൻ സാധിക്കും.

ഐസിഇ സഹോദരന് സമാനമായ രൂപവും വലിപ്പവുമാണ് ക്ലാവിസ് ഇവിക്കുള്ളത്. എന്നിരുന്നാലും, ഇതിനെ വ്യത്യസ്തമാക്കുന്ന ചില ഇവി നിർദിഷ്ഠ ഘടകങ്ങൾ ചേർത്തിട്ടുണ്ട്. ഫാമിലി ഇലക്ട്രിക് കാറിന്റെ മുൻവശത്ത് ചാർജിംഗ് പോർട്ട് നൽകിയിട്ടുണ്ട്. കൂടാതെ, പരിഷ്‌കരിച്ച ഫ്രണ്ട് ബമ്പർ, കണക്ടഡ് എൽഇഡി ഡിആർഎല്ലുകൾ, ബമ്പറിന്റെ താഴത്തെ ഭാഗത്ത് പുതിയ സിൽവർ ട്രിം, പുതിയ ഐസിഇ-ക്യൂബ്ഡ് എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവയുമുണ്ട്.

അതേസമയം വശങ്ങളിലേക്ക് വരുമ്പോൾ വലിയ മാറ്റങ്ങൾ കാണാനാകില്ല. എന്നാൽ പുതിയ 17 ഇഞ്ച് ക്രിസ്റ്റൽ കട്ട് ഡ്യുവൽ-ടോൺ എയറോ-ഒപ്റ്റിമൈസ്ഡ് അലോയ് വീലുകൾ ഇതിനെ സാധാരണ കാരെൻസ് ക്ലാവിസ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്. റിയർ എൻഡിൽ ക്ലാവിസ് ഇവി ബാഡ്ജും സ്റ്റാർ മാപ്പ് എൽഇഡി കണക്റ്റഡ് ടെയിൽലാമ്പുകളും അവതരിപ്പിക്കുന്നു.

42kWh, 51.4kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇവി ഓഫർ ചെയ്യുന്നത്. ഇതിൽ ചെറിയ ബാറ്ററി പായ്ക്ക് 404 കിലോമീറ്റർ വരെയും വലിയ ബാറ്ററി 490 കിലോമീറ്റർ വരെയും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 51.4kWh ബാറ്ററി പായ്ക്ക് ഫ്രണ്ട് ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്. ഇത് 171PS പവറും 255Nm പീക്ക് ടോർക്കും നൽകുന്നു.

പെർഫോമൻസ് നോക്കുകയാണെങ്കിൽ പുതിയ ഇലക്ട്രിക് എംപിവി വെറും 8.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് കിയ അവകാശപ്പെടുന്നത്. കാരെൻസ് ക്ലാവിസ് ഇവി 100kW ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

ഐസിഇ പതിപ്പിന് സമാനമാണ് ഇവിയുടെ ക്യാബിൻ ലേഔട്ട്. എന്നാൽ പുതിയ ഫ്‌ലോട്ടിംഗ് ഡിസൈൻ സെന്റർ കൺസോൾ, പുതിയ കളർ അപ്‌ഹോൾസ്റ്ററി, ഗിയർ ലിവറിന് പകരം സ്റ്റോറേജ് കമ്പാർട്ട്‌മെന്റ് തുടങ്ങിയ മാറ്റങ്ങൾ ഇന്റീരിയറിൽ കാണാം. 7 സീറ്റർ കോൺഫിഗറേഷനിൽ മാത്രമാണ് ഫാമിലി ഇലക്ട്രിക് കാർ വാങ്ങാൻ സാധിക്കുക. ഐസിഇ പതിപ്പിന് സമാനമായ ഫീച്ചർ ലിസ്റ്റാണ് ഇതും മുന്നോട്ട് വെക്കുന്നത്.

Read more

HTK+, HTX, HTX(എക്‌സ്റ്റന്റഡ് റേഞ്ച്), HTX+(എക്‌സ്റ്റന്റഡ് റേഞ്ച്)എന്നിങ്ങനെ നാല് വേരിയന്റുകളിൽ കാരെൻസ് ക്ലാവിസ് ഇവി ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 17.99 ലക്ഷം, 20.49 ലക്ഷം, 22.49 ലക്ഷം , 24.49 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വില വരുന്നത്. ജൂലൈ 22 മുതൽ ഇലക്ട്രിക് എംപിവിയുടെ ബുക്കിംഗ് ആരംഭിക്കും.