ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഉചിതമായ നിലപാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിക്കുമെന്നും നിയമപരമായ കാര്യങ്ങള്‍ നോക്കിയിട്ട് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ആചാരങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിദഗ്ദ്ധരുമായി ചര്‍ച്ചനടത്തിയ ശേഷം ഭരണഘടനാപരമായി ഉചിതമായ നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മലക്കം മറിഞ്ഞ് ഇടത് സര്‍ക്കാര്‍ എന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം. ആചാര സംരക്ഷണത്തെ അനുകൂലിച്ച് സര്‍ക്കാര്‍ നാളെ സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കുമെന്നാണ് പുറത്തുവന്ന വാര്‍ത്ത. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. യുവതീ പ്രവേശത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാരാണ് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നിലപാട് തിരുത്താന്‍ തയാറാകുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം നിലപാട് മാറിയിട്ടില്ലെന്നും വിശ്വാസികള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പമാണ് പാര്‍ട്ടിയെന്നും എം വി ഗോവിന്ദന്‍ എങ്ങും തൊടാതെ പറയുന്നത്.

ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്. സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറഞ്ഞ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പാര്‍ട്ടി നിലപാടില്‍ നിലവില്‍ മാറ്റമൊന്നും ഉദ്ദേശിക്കുന്നില്ലെന്നും കഴിഞ്ഞ തവണ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വ്യക്തമാക്കി. ഇന്നത്തെ സാമൂഹ്യ പരിതസ്ഥിതി കൂടി കണക്കിലെടുത്ത് ആവശ്യമായ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചു മുന്നോട്ടുപോകാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും പറഞ്ഞു.

കോടതിയുടെ പരിഗണനയിലുള്ള ഏഴ് ചോദ്യങ്ങളില്‍ യുവതീപ്രവേശനം വേണോ വേണ്ടയോ എന്നുള്ള കാര്യം നേരിട്ട് വരുന്നില്ലെന്നും ഇത് എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന ഭരണഘടനാപരമായ പരിശോധനയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ പണ്ഡിതരും വിദഗ്ധരുമായി ചര്‍ച്ച നടത്തി വേണം നിലപാട് സ്വീകരിക്കാന്‍. എല്ലാ കാലത്തും വിശ്വാസികളുടെ വികാരം മാനിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. ആചാര സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുള്ള തീരുമാനങ്ങള്‍ക്കായി ഫലപ്രദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന പൊതുവായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.