ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ജാമ്യം കിട്ടി വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റുചെയ്യപ്പെട്ട് ജയിലിലായിരുന്ന കെഎസ്യു പ്രവര്‍ത്തകര്‍ പുറത്തിറങ്ങി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ചാണ് കെഎസ്യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായത്. ഇന്നലെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇന്നു ഉച്ചതിരിഞ്ഞാണു ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി പ്രവര്‍ത്തകരെ പുറത്തിറക്കാനായത്. ഇവര്‍ക്ക് ജയിലിനുപുറത്ത് വലിയ സ്വീകരണം നല്‍കിയാണ് കെഎസ്യു പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മനപൂര്‍വം താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ജാമ്യത്തിലിറങ്ങിയ പ്രവര്‍ത്തകര്‍ ആരോപിച്ചു.

മന്ത്രിക്കെതിരായി നടന്ന പ്രതിഷേധത്തില്‍ ആയുധം ഉപയോഗിച്ചതിന് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചത്. മന്ത്രിക്ക് ആയുധം കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പരുക്ക് ഏറ്റതായി ജില്ലാ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കഴുത്തിന്റെ വലതുഭാഗത്തും പുറകുവശത്തും ചെവിയുടെ പുറകിലും വലതുകൈ മുട്ടിനും വേദനയുണ്ടെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതെന്താണെന്ന് ഇന്നലെ കോടതി ചോദിച്ചു. സംഭവ സ്ഥലത്തു നിന്ന് തന്നെ പ്രതികളെ പിടികൂടിയെങ്കിലും ആയുധം പിടിച്ചെടുത്തില്ല. തെളിവെടുപ്പിന് എത്തിച്ചപ്പോഴും ആയുധം കണ്ടെത്താന്‍ സാധിച്ചില്ലെന്നും ജാമ്യം നല്‍കിയ വിധിയില്‍ പറയുന്നു. കഴിഞ്ഞ മാസം 25നാണ് മന്ത്രിക്ക് നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുണ്ടായത്. മന്ത്രിയെ ഏതോ ആയുധം ഉപയോഗിച്ച് ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്നാണു കേസ്.

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ തിരക്കഥയില്‍, ഗണ്‍മാന്റെ സംവിധാനത്തില്‍ മന്ത്രി നിറഞ്ഞാടിയ സിനിമ പൊട്ടിപ്പാളീസായെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ജയിലിനു പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

”റെയില്‍വേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്. എന്നാല്‍ മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഞങ്ങളെ ജയിലിലടച്ചു. സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസുകള്‍, കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും പതാകകള്‍ തുടങ്ങിയവ നശിപ്പിച്ചു. കരിങ്കൊടി പ്രതിഷേധവുമായാണ് കെഎസ്യു പ്രവര്‍ത്തകര്‍ വന്നതെന്ന് പൊലീസ് എസ്‌ഐ തന്നെ മൊഴി നല്‍കി. ഭരണകൂട വേട്ടയാണ് നടത്തുന്നത്. കേന്ദ്രത്തില്‍ മോദി എങ്ങനെയാണോ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത് അതേ രീതിയിലാണ് ഇടതുപക്ഷ സര്‍ക്കാരും പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത്. ജയിലറകള്‍ ഏറെ കണ്ടതാണ്. പ്രതിഷേധവുമായി കെഎസ്യു രംഗത്തുണ്ടാകും”

വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുല്‍ ബാലന്‍, അഹമ്മദ് യാസിന്‍ എന്നിവരും ജയില്‍ മോചിതരായി. ഭരണകൂട ഭീകരതയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതുല്‍ ആരോപിച്ചു. കേരളത്തിലെ ഇടതുപക്ഷം തീവ്ര വലതുപക്ഷമായി മാറിക്കൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ ഉയരുന്ന പരാതികളെ പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെയാണോ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്, അതുപോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതെന്നും അതുല്‍ പറഞ്ഞു.