മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നല്‍കി. ലോക്‌സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് നല്‍കിയത്. 130 പേര്‍ ലോക്‌സഭയില്‍ നിന്നും 63 പേര്‍ രാജ്യസഭയില്‍ നിന്നും നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്ന നോട്ടീസ് സഭയിലെത്തുന്നത് ഇത് ആദ്യമായിട്ടാണ്. പാര്‍ലമെന്റില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ എംപിമാരുടെ ഒപ്പുകള്‍ ശേഖരിച്ചതായി അവകാശപ്പെട്ട്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് (ടിഎംസി) മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം മുന്‍കൈയെടുത്തത്.
ഏഴ് ആരോപണങ്ങളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇന്ത്യ സഖ്യം ഉന്നയിച്ചിരിക്കുന്നത്. പക്ഷാപാതപരവും വിവേചനപരവുമായ പെരുമാറ്റം, തിരഞ്ഞെടുപ്പ് തട്ടിപ്പ് അന്വേഷണത്തെ ബോധപൂര്‍വം തടസ്സപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പലതവണ ഭരണകക്ഷിയായ ബിജെപിയെ സഹായിച്ചതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു, പ്രത്യേകിച്ച് നടന്നുകൊണ്ടിരിക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക സമഗ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ടാണ് ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്. കേന്ദ്രത്തിലെ കാവി പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എസ്‌ഐആര്‍ നടപടികളെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പശ്ചിമ ബംഗാളിലെ എസ്ഐആര്‍ നടപടിക്രമങ്ങള്‍ പ്രത്യേകിച്ചും ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ യഥാര്‍ത്ഥ വോട്ടര്‍മാരെ ഇല്ലാതാക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ആരോപിച്ചു.
Read more
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324(5) പ്രകാരം സുപ്രീം കോടതി ജഡ്ജിയുടെ അതേ നടപടിക്രമത്തിലൂടെയും അതേ കാരണങ്ങളാലും മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാന്‍ കഴിയൂ. ലോക്സഭയിലെ കുറഞ്ഞത് 100 അംഗങ്ങളോ രാജ്യസഭയിലെ 50 അംഗങ്ങളോ പ്രമേയത്തില്‍ ഒപ്പിടണം.







