കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യുവാവിന് മൂന്ന് ദിവസത്തെ തടവും രണ്ടായിരം രൂപ പിഴയും വിധിച്ച് ഹൈക്കോടതി. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ് കുമാറിനെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നടപടി. നേരത്തേയും കോടതിയെ ആക്ഷേപിച്ച് സമാനമായ സംഭവത്തില്‍ നടപടികള്‍ നേരിട്ട പി കെ സുരേഷ് കുമാര്‍ വിഷയം കോടതിയിലെത്തുമ്പോള്‍ മാപ്പ് പറഞ്ഞു തടിയൂരുകയായിരുന്നു പതിവ്.
നേരത്തേയും കോടതിയലക്ഷ്യ നടപടിയില്‍ കോടതിയിലെത്തിയെങ്കിലും തന്റെ പ്രവര്‍ത്തിയില്‍ മാപ്പപേക്ഷിച്ചതോടെ കോടതി മാപ്പ് നല്‍കി വിട്ടയച്ചിരുന്നു. ഹൈക്കോടതി ഉത്തരവുകളേയും ജഡ്ജിമാരേയും നിരന്തരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അധിക്ഷേപിക്കുന്നത് പതിവാക്കിയ പി കെ സുരേഷ് കുമാറിനെ സ്വമേധയാ എടുത്ത കേസിലാണ് കോടതി മൂന്ന് ദിവസം തടവിനും 2000 രൂപ പിഴയ്ക്കും വിധിച്ചത്.
Read more
സോഷ്യല്‍ മീഡിയയിലൂടെയുള്ള നിരന്തരമായ അധിക്ഷേപം ക്രിമിനല്‍ കോടതി വ്യവഹാരത്തെ മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി കടുത്ത നടപടിയിലേക്ക് നീങ്ങുകയും തടവ് ശിക്ഷ വിധിക്കുകയും ചെയ്തത്. ഇതിന് മുമ്പും സമാനമായ രീതിയില്‍ കോടതി വ്യവഹാരങ്ങളെ അധിക്ഷേപിച്ച് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. കോടതിയലക്ഷ്യ വാദത്തിനിടെ കോടതിയോട് തന്റെ പ്രവര്‍ത്തിയില്‍ മാപ്പ് ചോദിക്കുകയും മാപ്പ് സ്വീകരിച്ച് കോടതി ഇയാളെ വെറുതേ വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കോടതിയില്‍മാപ്പ് പറഞ്ഞത് തന്റെ അടവായിരുന്നു എന്നായിരുന്നു സുരേഷ് കുമാര്‍ പുറത്തിറങ്ങി പ്രതികരിച്ചത്. മാപ്പ് നല്‍കി വിട്ടയച്ചതിന് ശേഷം ഇയാള്‍ വീണ്ടും പഴയപടി സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പരാമര്‍ശം തുടര്‍ന്നതോടെയാണ് തടവുശിക്ഷ നല്‍കിയ കോടതി നടപടി.