തിരഞ്ഞെടുപ്പ് മുഖ്യ അജണ്ട, കോർപറേറ്റ് മുഖം മാറ്റി ജെയ്റ്റ്ലി

സാമ്പത്തികമായി വൻ പ്രതിസന്ധിയിലേക്ക് നീങ്ങിയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള കാര്യമായ നിർദേശങ്ങളുടെ അഭാവമാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിന്റെ പ്രധാന ന്യൂനത. ഒരു ഉദാഹരണം എടുത്താൽ വിലക്കയറ്റമാണ് സമകാലിക ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം. ഇതിൽ തന്നെ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം വളരെ രൂക്ഷമാണ്. പക്ഷെ, ബജറ്റ് ഈ വിഷയത്തിൽ മൗനം അവലംബിക്കുന്നു. ഈ വിധം അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന ബജറ്റ് കാർഷിക, ഗ്രാമീണ മേഖലകൾക്ക് വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ട്.

പതിവ് പോലെ കാർഷിക വായ്പയുടെ അളവിൽ വർധന വരുത്തിയിട്ടുണ്ട്. മൊത്തം കാർഷിക വായ്പ 11 ലക്ഷം കോടിയിലേക്കു ഉയർത്തിയിരിക്കുന്നു. അതുപോലെ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങ് വില കൊണ്ടുവരുന്നതിനുള്ള ഒരു സമഗ്ര പദ്ധതിയുടെ പ്രഖ്യാപനവും ബജറ്റിൽ ഉണ്ട്. എന്നാൽ കർഷകർ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം അവന്റെ കടബാധ്യതകളാണ്. ഇതിന്റെ പേരിലാണ് ഇന്ത്യയിൽ കർഷക ആത്മഹത്യ പെരുകുന്നതും. എന്നാൽ കടബാധ്യതക്ക് ആശ്വാസം നൽകുന്ന ഒരു നിർദേശവും ബജറ്റിലില്ല. പക്ഷെ പൊതുവിൽ കാർഷിക, ഗ്രാമീണ മേഖലകളോട് വല്ലാത്ത ആഭിമുഖ്യം പുലർത്തുന്നതായി ഭവിക്കുന്നതിനു ബജറ്റ് ബോധപൂർവം ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുൻപുള്ള ഈ അവസാന ബജറ്റിന് കഴിയുന്നത്ര ജനകീയ മുഖം നൽകാനാണ് ജെയ്‌റ്റിലി ശ്രമിച്ചിരിക്കുന്നത്. ഒപ്പം ഇതഃപര്യന്തമുള്ള കോർപറേറ്റ് ആഭിമുഖ്യം മാറ്റിയെടുക്കുന്നതിനുള്ള വ്യക്തമായ നീക്കങ്ങളും ബജറ്റ് സസൂക്ഷ്മം വിലയിരുത്തുമ്പോൾ ലഭ്യമാകുന്നു.

കാർഷിക കയറ്റുമതി ഉയർത്തുന്നതിന് 42 പുതിയ അഗ്രി പാർക്കുകൾ, കിസാൻ കാർഡ് മത്സ്യതൊഴിലാളികൾക്കും നൽകും തുടങ്ങി നിരവധി പ്രഖ്യാപനങ്ങൾ പുതിയ ബജറ്റിൽ ഉണ്ട്. 10 കോടി ദരിദ്ര കുടുംബങ്ങൾക്ക് നേട്ടം പ്രദാനം ചെയ്യുന്ന ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ബജറ്റിലെ ഒരു ഹൈലൈറ്റ്. ഇത്തരം പ്രഖ്യാപനങ്ങൾ കൊണ്ട് സമ്പന്നമാണ് ബജറ്റ്. എന്നാൽ കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവിന് പരിഹാരമാകുന്നതോ, കടബാധ്യതകൾ കുറക്കുന്നതിന് ഉപയുക്തമായതായോ ഉള്ള നിർദേശങ്ങളുടെ കാര്യത്തിൽ ബജറ്റ് കുറ്റകരമായ മൗനം അവലംബിക്കുന്നു. പതിവ് പോലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കുന്നുണ്ട്. ഇപ്പോൾ അതിന്റെ സമയപരിധി 2022 ആയി പുനർ ക്രമീകരിച്ചിരിക്കുന്നു എന്നു മാത്രം. ആരോഗ്യ രംഗത്തു ഓരോ മൂന്ന് പാർലമെന്റ് മണ്ഡലങ്ങൾക്കായി ഒരു മെഡിക്കൽ കോളേജ് എന്നപ്രഖ്യാപനം ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം.

അത്തരത്തിൽ ജനപ്രിയത നിലനിർത്താൻ ജെയ്‌റ്റിലി ബജറ്റിൽ ഉടനീളം ശ്രമം നടത്തുന്നുണ്ട്. ബി ജെ പി നേതാക്കളെ സംബന്ധിച്ചിടത്തോളം ചാനൽ ചർച്ചകളിൽ അർമാദിക്കാൻവേണ്ട വിഭവങ്ങൾ ബജറ്റ് വിളമ്പുന്നുണ്ട് എന്ന് വ്യക്തമാണ്.

എന്നാൽ സാധാരണക്കാർ ഏറെ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങളെ പാടെ അവഗണിക്കുന്നു. പെട്രോൾ, ഡീസൽ എന്നിവയുടെ എക്‌സൈസ് തീരുവ കുറച്ചു വിലയിൽ ആശ്വാസം നൽകണമെന്ന ആവശ്യത്തിന് ഒരു പരിഗണനയും ലഭിച്ചില്ല. ഇത് സമ്പദ് വ്യവസ്ഥക്ക് മൊത്തത്തിൽ നേട്ടമാകുന്ന ഒരു കാര്യമായിരുന്നു. എന്നാൽ സമ്മർദ്ദം മൂലമാണോ എന്നറിയില്ല ബജറ്റിന് ശേഷം നാമമാത്രമായി രണ്ടു രൂപ കുറക്കാൻ തയാറായി. ഇനി ഇവയെ ജി എസ്‌ ടി യുടെ പരിധിയിൽ കൊണ്ട് വരുമോ എന്ന കാര്യം മാത്രമാണ് അറിയാനുള്ളൂ.

ആദായ നികുതിയുടെ കാര്യത്തിലും അനുകൂലമായ സാഹചര്യം പ്രയോജനപ്പെടുത്തി എന്ന് പറയാൻ കഴിയില്ല. നികുതി ബാധകമാകുന്ന വരുമാന പരിധി ഉയർത്തുകയോ, നികുതി നിരക്കുകളിൽ ഇളവ് അനുവദിക്കുന്നതിനോ തയാറായിട്ടില്ല. വാസ്തവത്തിൽ ആദായ നികുതി വരുമാനം പ്രതീക്ഷകളെ കടത്തിവെട്ടി, ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം 18 ശതമാനം വർധന കൈവരിച്ചു. നികുതിദായകരുടെ എണ്ണത്തിലും പ്രകടമായ മുന്നേറ്റമുണ്ട്. ബജറ്റിലെ വിവരങ്ങൾ പ്രകാരം നികുതിദായകരുടെ എണ്ണം 6 .47 കോടിയിൽ നിന്ന് 8 .27 കോടിയായി ഉയർന്നു. പക്ഷെ ബാങ്ക് നിക്ഷേപങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസിനും സീനിയർ സിറ്റിസൺസിന് ചില ഇളവുകളും ഒഴിച്ച് നിർത്തിയാൽ ആദ്യനികുതി ദായകർക്ക് പൊതുവിൽ നിരാശയാണ് ബജറ്റ് നൽകുന്നത്.

കോർപറേറ്റുകളെ താലോലിക്കുന്നില്ല എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം പ്രകടമാണ്. കോർപറേറ്റ് ആദായ നികുതി 25 ശതമാനമായി കുറയ്ക്കുമെന്ന് പൊതുവെ വ്യവസായ ലോകം പ്രതീക്ഷിച്ചിരുന്നു. ഇതിനെ പിൻപറ്റി ഓഹരി വിപണി കുതിപ്പിലായിരുന്നു. എന്നാൽ നികുതി 25 ശതമാനമായി കുറച്ചു. പക്ഷെ അതിന്റെ ഗുണം വാർഷിക വരുമാനം 250 കോടിയിൽ താഴെയുള്ള കമ്പനികൾക്കായി പരിമിതപ്പെടുത്തി. അതോടെ ഓഹരി വിപണി കുത്തനെ താഴ്ന്നു. കോർപറേറ്റുകളുടെ വിനീത ദാസന്മാരാണെന്ന ഇമേജ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാറ്റിയെടുക്കാൻ ബജറ്റ് ശ്രമിക്കുന്നു. പക്ഷെ പൊതുമേഖലാ ബാങ്കുകളുടെ മൂലധന സ്ഥിതി മെച്ചപ്പെടുത്താൻ മറ്റ് പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റ് 80000 കോടി സമാഹരിക്കാനും ബജറ്റ് പറയുന്നു. കിട്ടാക്കടം പിരിച്ചെടുക്കുന്നതിൽ വീഴ്‌ച വരുത്തിയ ബാങ്കുകളെ രക്ഷിച്ചെടുക്കാൻ മറ്റ് സർക്കാർ കമ്പനികളെ തകർക്കുന്നു.

Read more

പൊതുവിൽ ഏറെ ജനപ്രിയമെന്ന തോന്നിപ്പിക്കുന്ന ബജറ്റ് നോട്ട് നിരോധനം, ജി എസ്‌ ടി നടപ്പാക്കൽ എന്നിവ സമ്പദ്‌വ്യവസ്ഥക്ക് വരുത്തിയ കോട്ടങ്ങൾ തീർക്കുന്നതിന് കാതലായ ഒരു ശ്രമവും നടത്തുന്നില്ല എന്നതാണ് പ്രധാന വിമർശനം. സാമ്പത്തിക വളർച്ച കുത്തനെ താഴ്ന്ന സാഹചര്യത്തിലും ഒരു കുതിപ്പിനുള്ള നിർദേശങ്ങൾ ബജറ്റിൽ കാണുന്നില്ല. ധനകമ്മിയും റവന്യു കമ്മിയും ഉയരുന്നു എന്ന ആശങ്ക ബജറ്റും പങ്ക് വയ്ക്കുന്നുണ്ട്. ഇതെല്ലം തന്നെ സങ്കീർണമായ സാമ്പത്തിക സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം പാടെ വിസ്മരിച്ചു എട്ട് സംസ്ഥാങ്ങളിലെ തിരഞ്ഞെടുപ്പും അടുത്ത വർഷത്തെ പൊതു തിരഞ്ഞെടുപ്പും മാത്രം ലക്‌ഷ്യം വയ് ക്കുകയാണ് ഈ ബജറ്റ്. അതുകൊണ്ട് ഇക്കുറി ജനപ്രിയത മുഖ്യ അജണ്ടയായി അരുൺ ജെയ്‌റ്റിലി മുന്നോട്ട് വച്ചിരിക്കുന്നു.