ദുരന്തമുഖത്തു നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് അലക്‌സ് ആന്റണി ഒളിമ്പിക്‌സിലേക്ക്

കെ. എ ഷാജി
ചിത്രങ്ങള്‍: സെയ്ദ് ഷിയാസ് മിര്‍സ

ന്ത്യയില്‍ നിന്ന് ഇത്തവണ ടോക്കിയോ ഒളിമ്പിക്‌സില്‍ സെലക്ഷന്‍ നേടിയ മലയാളിയാണ് അലക്‌സ് ആന്റണി. അദ്ദേഹത്തിന്റെ ജീവത നേട്ടത്തിലും മനുഷ്യന്റെ അമിതമായ പ്രകൃതിയിലെ ഇടപെടലും ആഗോള താപനവും കാരണമായിരുന്നു എന്നു പറയേണ്ടി വരും. ഇന്ത്യയുടെ മിക്‌സഡ് 4×400 മീറ്റര്‍ റിലേ ടീമിലെ അംഗമാണ് ഇരുപത്തിയാറുകാരനായ അലക്‌സ്. തിരുവനന്തപുരം പുല്ലുവിള സ്വദേശി. മത്സ്യതൊഴിലാളികളുടെ മകനായി ജനിച്ച് നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് അലക്‌സിന്റെ ജീവിത യാത്ര. ആഗോള താപനം വരെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തി, എന്നാല്‍ അതില്‍ നിന്ന് പോലും ഊര്‍ജം ഉള്‍ക്കൊണ്ടാണ് അലക്‌സിന്റെ ഒളിമ്പിക്‌സ് പ്രവേശനം.

മത്സ്യതൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും തീരദേശത്തെ ദുരിതങ്ങളും ഉയര്‍ത്തിക്കാട്ടാന്‍ ഇപ്പോഴത്തെ നേട്ടം സഹായിക്കും എന്ന പ്രതീക്ഷകൂടിയുണ്ട് ഈ തീരദേശവാസിയായ ചെറുപ്പക്കാരന്. കാലാവസ്ഥാ വ്യതിയാനം അതിന്റെ ആദ്യത്തെ മുറിപ്പാടുകള്‍ കേരളത്തിന്റെ തീരങ്ങളില്‍ രേഖപ്പെടുത്തുമ്പോള്‍ അലക്‌സ് കൊച്ചു കുട്ടിയായിരുന്നു. പുല്ലുവിളയിലെ ഒരു ദരിദ്ര മത്സ്യതൊഴിലാളി കുടുംബത്തില്‍ ജനിച്ച് തീരത്ത് ഫുട്‌ബോള്‍ കളിച്ച് വളര്‍ന്ന ബാല്യം. ഈ കാലത്ത് അലക്‌സിന്റെ സ്വപ്‌നം ലോകം അറിയുന്ന ഫുട്ബാള്‍ താരം ആകുകയെന്നായിരുന്നു.

ഇരയിമ്മന്‍തുറ പുരയിടം കടല്‍ത്തീരത്ത് അവന്‍ എന്നും ഫുട്ബാള്‍ കളിക്കുമായിരുന്നു. അവിടെ ദിവസവും രാവിലെയും വൈകുന്നേരവും ഓട്ട പരിശീലനവും പതിവായിരുന്നു. പക്ഷേ, അലക്‌സിന് 10 വയസ്സുള്ളപ്പോള്‍, ബീച്ചില്‍ “”അക്രീഷന്‍”” ആരംഭിച്ചു. തീരത്ത് ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞ് കൂടുന്ന നിക്ഷേപ പ്രക്രിയയാണ് അക്രീഷന്‍. ഇത് മൂലം ബീച്ച് ഫുട്‌ബോള്‍ കളിക്കാന്‍ യോഗ്യമല്ലാതായി. ഇവിടെയാണ് അലക്‌സിന്റെ ഫുട്ബാള്‍ മോഹങ്ങള്‍ തകരുന്നതും ജീവിതത്തിന്റെ വഴി മാറുന്നതും.

“”എനിക്ക് ഫുട്‌ബോളിനോട് ആവേശമായിരുന്നു, അത് ഇല്ലാതാകുന്നത് അങ്ങേയറ്റം വേദനാജനകമായിരുന്നു. പക്ഷേ കഠിനംകുളത്തെ പി കെ എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്റെ അധ്യാപകന്‍ എനിക്ക് ആവേശം പകര്‍ന്ന് നല്‍കി. അത്‌ലറ്റിക്‌സിന്റെ സാധ്യതകളെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്തുകയും അതിനായി പരിശ്രമിക്കാന്‍ ധൈര്യം നല്‍കുകയും ചെയ്തു,”” അലക്‌സ് പറയുന്നു.

സമുദ്രവിദഗ്ദ്ധനും കേരള സര്‍വകലാശാലയിലെ ബയോളജി, ഫിഷറീസ് ജലവിഭാഗം മേധാവിയുമായ എ. ബിജുകുമാര്‍ പറയുന്നത് പ്രകാരം പാറകള്‍, മണ്ണ്, കളിമണ്ണ്, മറ്റ് തീരങ്ങളില്‍ നിന്നുള്ള മണല്‍ എന്നിവയായിരുന്നു പുല്ലുവിളയിലെ തീരത്ത് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍. ചില മാസങ്ങളില്‍ തീരം ദ്രവീകരണത്തിന് വിധേയമാകും, മഴയും കാറ്റും കൂടുതലുള്ള മണ്‍സൂണ്‍ മാസങ്ങളിലാണ് ഈ തീരശോഷണം സംഭവിക്കുക. എന്നാല്‍ അതെ അളവിലുള്ള അവശിഷ്ടം കുറച്ച് മാസങ്ങള്‍ക്ക് ശേഷം അവിടെ അടിഞ്ഞ് കൂടും. ആഗോളതാപനം, കടലിലെ വലിയ നിര്‍മ്മാണങ്ങള്‍ എന്നിവയൊക്കെ കാറ്റിന്റെയും തിരമാലയുടെയും രീതികളെ സ്വാധീനിക്കുകയും അവയുടെ പ്രതിഫലനവുമാണ് ഈ തീര ശോഷണ നിക്ഷേപ പ്രക്രിയ.

തിരുവനന്തപുരത്ത്, വിഴിഞ്ഞത്തിന് വടക്ക് ഭാഗത്ത് തീര ദ്രവീകരണം നടക്കുന്നു, തെക്ക് പുല്ലുവിളയില്‍ അക്രീഷന്‍ അഥവാ നിക്ഷേപം നടക്കുന്നു. വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബറില്‍ 600 മീറ്റര്‍ “ബ്രേക്ക്വാട്ടര്‍” നിര്‍മ്മാണം നടത്തിയ ശേഷം ഈ നിക്ഷേപ പ്രക്രിയ വര്‍ദ്ധിച്ചു. പുല്ലുവിളയില്‍ നിന്ന് 7 കിലോമീറ്റര്‍ വടക്കാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. 3000 മീറ്റര്‍ നിര്‍മ്മാണം ആണ് അദാനി ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്, ഇതില്‍ 800 മീറ്റര്‍ ആകുമ്പോള്‍ തന്നെ പ്രദേശത്തെ തീരത്തിന്റെ നാശം രൂക്ഷമാണ്.

ഈ നിക്ഷേപ പ്രക്രിയ പുല്ലുവിള ബീച്ചിന്റെ തീരം 40 ഓളം മീറ്റര്‍ ഉയരാന്‍ കാരണമായി. ഇത് മഴവെള്ളം കടലിലേക്ക് ഒഴുകുന്നത് തടയുന്നത് മൂലം പ്രദേശമാകെ ചതുപ്പായി മാറുകയും ചെയ്തു. ഇത് അലക്‌സിനെ ഫുട്‌ബോള്‍ കളിക്കുന്നതില്‍ നിന്ന് തടയുക മാത്രമല്ല ചെയ്തത്, തീരത്തെ വെള്ളംകെട്ടിയ വലിയ കുളങ്ങള്‍, ബോട്ടുകള്‍ കരയ്ക്ക് അടുപ്പിക്കുന്നതും അവിടെ മീന്‍ വല ഉണക്കുന്നതും ഒക്കെ തടഞ്ഞു. ഇത് അറുനൂറിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ആണ് ദുരിതത്തിലാക്കിയത്. മത്സ്യബന്ധന ബോട്ടുകള്‍ തീരത്ത് അടുപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇത് സൃഷ്ടിച്ചത്.

അലക്‌സിന്റെ പിതാവ് ആന്റണിയും ഇളയ സഹോദരന്‍ അനിലും അവരുടെ തൊഴിലായ മത്സ്യബന്ധനം തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവ ഫിഷിംഗ് ഹാര്‍ബറിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരായി. ഇത് തിരുവനന്തപുരത്ത് നിന്ന് ഏതാണ്ട് 287 കിലോമീറ്റര്‍ ദൂരെയാണ്. വീട്ടില്‍ അടുപ്പെരിയാന്‍ അവര്‍ക്കു അവിടേക്ക് മാറി ജോലി ചെയ്യേണ്ടി വന്നു.

കത്തുന്ന ദാരിദ്ര്യമാണ് അലക്‌സിന്റെ അനിയന്‍ അനിലിനെ സ്‌കൂള്‍ പഠനത്തില്‍ നിന്നും വിലക്കിയത്. അലക്‌സ് ലിയോ 12ത് യു പി സ്‌കൂളില്‍ വിദ്യാഭ്യാസം തുടര്‍ന്നു. പുല്ലുവിളയിലും തുടര്‍ന്ന് കഠിനംകുളം സ്‌കൂളിലും പഠിച്ചു. അവിടെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍ പ്രദീപ് അലക്‌സിന് ഒരു ജോടി ബൂട്ടും ട്രാക്ക് സ്യൂട്ടും നല്‍കി അത്‌ലറ്റിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപദേശിച്ചു. പരിശീലനത്തിനായി സ്‌കൂള്‍ മൈതാനം ഉപയോഗിക്കാനും. ഇത് കുട്ടിയായിരുന്ന അലക്‌സിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു.

“മകന്റെ പരിശീലനത്തില്‍ ശ്രദ്ധിക്കാനും വേണ്ട സഹായം ചെയ്യാനും കഴിയാത്തതില്‍ ദുഖമുണ്ട്. അധ്യാപകരാണ് മകനെ മാനസികമായും സാമ്പത്തികമായും സഹായിച്ചത്,”” അലക്‌സിന്റെ അമ്മ സര്‍ജിന്‍ പറയുന്നു.ചെമ്പഴന്തി ശ്രീ നാരായണ കോളേജില്‍ നിന്ന് അലക്‌സിന് ഡിഗ്രി പഠനം ഉപേക്ഷിച്ച് പോകേണ്ടി വന്നതിന്റെയും കാരണം ദാരിദ്ര്യം തന്നെ ആയിരുന്നു. അവിടെ വച്ചാണ് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കോച്ച് നിഷാദ് കുമാര്‍ അലക്‌സിന്റെ കഴിവ് മനസ്സിലാക്കി പരിശീലിപ്പിക്കാന്‍ തുടങ്ങിയത്, അമ്മ പറയുന്നു. പിന്നീട് ഇന്ത്യന്‍ വ്യോമസേനയില്‍ പഞ്ചാബില്‍ അലക്‌സിന് സ്‌പോര്‍ട്‌സ് ക്വാട്ട ജോലി ഈ കുടുംബത്തിന് വലിയ ആശ്വാസം ആയിരുന്നു. സഹോദരി അനിഷ അടുത്തിടെയാണ് വിവാഹിതയായത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം അലക്‌സും കുടുംബവും വളരെയായി അനുഭവിക്കുന്നു. മെയ് മാസത്തില്‍ കേരളത്തിന്റെ തീരത്തെ തകര്‍ത്ത ടൗട്ടേ ചുഴലിക്കാറ്റ് അലക്‌സിന്റെ വീടും തകര്‍ത്തു. ഇപ്പോള്‍ കുടുംബം ഒരു ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഒരു ബാങ്ക് ലോണ്‍ എടുത്തു തകര്‍ന്ന വീട് പുതുക്കിപ്പണിയാനുള്ള ശ്രമത്തിലാണ് അലക്‌സ്.

കേരളത്തിന്റെ തീരപ്രദേശത്തിന്റെ 65 ശതമാനം ദ്രവീകരണവും 25 ശതമാനം നിക്ഷേപ പ്രതിസന്ധിയും നേരിടുന്നുവെന്നും. കേരളത്തിന്റെ 580 കിലോമീറ്റര്‍ തീരപ്രദേശത്തിന്റെ 90 ശതമാനത്തില്‍ അധികം വരുന്ന മണല്‍ ബീച്ചുകളാണ് ഈ വ്യതിയായനത്തിന് വിധേയം ആകുകയെന്നും. തിരുവനന്തപുരം മേഖലയിലെ തീരദേശ സമൂഹങ്ങളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ജോസഫ് വിജയന്‍ പറയുന്നു.

ഒഡീഷയിലെ കിഴക്കന്‍ പാരഡിപ്പ് ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ തുറമുഖ പ്രദേശങ്ങളും നിക്ഷേപ പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ അശാസ്ത്രീയമായ കൂറ്റന്‍ പുലിമുട്ടുകളുടെയും കടല്‍ഭിത്തികളുടെയും നിര്‍മ്മാണം സ്ഥിതി വഷളാക്കി. അദാനി തുറമുഖത്തിന്റെ വടക്ക് ഭാഗത്ത് തീര ശോഷണവും തെക്ക് ഭാഗത്ത് നിക്ഷേപവും വര്‍ധിക്കുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 7500 കോടിയിലധികം മുതല്‍ മുടക്കിയാണ് ഈ തുറമുഖം നിര്‍മിക്കുന്നത്. വിഴിഞ്ഞം മേഖലയിലെ മണ്ണൊലിപ്പ് വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു, ഇത് പ്രാദേശിക വിമാനത്താവളത്തിനും വേളിയിലും തുമ്പയിലും സ്ഥിതി ചെയ്യുന്ന ബഹിരാകാശ ഗവേഷണ സംഘടന സ്ഥാപനങ്ങളുടെയും നിലനില്‍പ്പിന് തന്നെ ഭീഷണി ആകുമെന്നും ആണ് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ ശാസ്ത്രജ്ഞന്‍ കെ.വി. തോമസ് പറയുന്നത്.

നിര്‍ഭാഗ്യവശാല്‍, പാരിസ്ഥിതികമോ ഉപജീവനമോ ആയ ബാധിപ്പുകളെ കുറിച്ച് തുറമുഖ പദ്ധതി വേണ്ടത്ര പഠനം നടത്തിയിട്ടില്ല. കാലാവസ്ഥ വ്യതിയാനത്തിന് കൂടുതല്‍ സാധ്യതയുള്ള ലോല പ്രദേശത്താണ് തുറമുഖം നിര്‍മ്മിക്കുന്നത് എന്നും തോമസ് പറഞ്ഞു. നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വിഴിഞ്ഞം തീരപ്രദേശം ഈ മെഗാ പോര്‍ട്ട് നിര്‍മ്മാണത്തിന്റെയും അതിന്റെ പ്രവര്‍ത്തനത്തിന്റെയും പ്രത്യാഘാതങ്ങളെ നേരിടാന്‍ പ്രാപ്തമല്ല എന്നാണ്.

അലക്‌സിനെ സംബന്ധിച്ചിടത്തോളം ഈ കാലാവസ്ഥാ വ്യതിയാനവും, അത് തീരപ്രദേശത്ത് സൃഷ്ടിച്ച മാറ്റങ്ങളും തന്നെയാണ് അദ്ദേഹത്തെ ഒളിമ്പ്യനാകാന്‍ നയിച്ചത്. അക്രീഷന്‍ നിക്ഷേപ പ്രക്രിയ ആണല്ലോ കുഞ്ഞ് അലക്‌സിനെ ഫുട്‌ബോളില്‍ നിന്നും അത്‌ലറ്റിക്‌സിലേക്ക് വഴി തിരിച്ച് വിട്ടത്. ഉര്‍വശി ശാപം ഉപകാരം ആയി എന്നത് പോലെയാണ് അലക്‌സ് ഇതിനെ കാണുന്നത്.

“ഞാന്‍ മാതൃരാജ്യത്തെ ഒളിംപിക്‌സില്‍ പ്രതിനിധീകരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് വരുന്നതിനാല്‍ ഇത് അഭിമാനകരമാണ്. വ്യക്തിപരമായി കരിയര്‍ നേട്ടത്തേക്കാള്‍ ഉപരിയായി ഇത് കുടുംബത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഉള്ള ഒരു അവസരമായി കാണുന്നു, പഞ്ചാബില്‍ നിന്നും അലക്‌സ് ആന്റണി പറയുകയാണ്.

എന്നാല്‍ ഈ നേട്ടം തനിക്ക് സമ്മാനിച്ചത് ഒരു വലിയ ദുരന്ത സാധ്യതയില്‍ നിന്നാണെന്നതും ഇദ്ദേഹത്തിന് മറക്കാനാവില്ല. തന്റെ ഗ്രാമമാമായ പുല്ലുവിളയെ കുറിച്ചും അലക്‌സിന് വലിയ ആശങ്കയുണ്ട്. ഗ്രാമം നിലനില്‍പിന് പോരാടുന്ന ഈ സാഹചര്യത്തില്‍ ഒളിമ്പിക്‌സിലെ എന്റെ പങ്കാളിത്തം ഈ പ്രശ്‌നം കൂടുതല്‍ ഗൗരവത്തോടെ പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കാന്‍ സഹായകരമാകുമെന്നാണ് അലക്‌സിന്റെ പ്രതീക്ഷ.

Read more

( ദി ടെലഗ്രാഫ് പത്രം പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോര്‍ട്ട്. മലയാള പരിഭാഷ: ശാലിനി രഘുനന്ദന്‍ )