കോവിഡ് വാക്‌സിന്‍: കായിക താരങ്ങള്‍ക്ക് മുന്‍ഗണന വേണമെന്ന് പി.ടി ഉഷ

കോവിഡ് വാക്‌സിനേഷന്‍ കാര്യങ്ങളില്‍ കായിക മേഖലയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് പി.ടി ഉഷ. വരാന്‍ പോകുന്ന ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കും അവരുടെ പരിശീലകര്‍ക്കും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കണമെന്ന് ഉഷ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

‘മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു അഭ്യര്‍ഥന. കായിക താരങ്ങള്‍, അവരുടെ പരിശീലകര്‍, മറ്റു സപ്പോര്‍ട്ട് സ്റ്റാഫ്, മെഡിക്കല്‍ ടീം തുടങ്ങിയവര്‍ക്ക് വരാന്‍ പോകുന്ന ദേശീയ മത്സരങ്ങള്‍ ഉള്‍പ്പെടെ മുന്‍നിര്‍ത്തി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കണം. കായിക മേഖലയെ നമുക്ക് അവഗണിക്കാനാകില്ല’ ഉഷ ട്വിറ്ററില്‍ കുറിച്ചു.

ജൂണ്‍ 25 മുതല്‍ 29 വരെയാണ് ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്. പാട്യാലയിലാണ് ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നടക്കുക.

ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടാന്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ക്കുള്ള അവസാന അവസരമാണ് ഈ ചാമ്പ്യന്‍ഷിപ്പ്. അത്ലറ്റിക്സില്‍ ഒളിമ്പിക്സ് യോഗ്യതയ്ക്കുള്ള അവസാന തീയതി ജൂണ്‍ 29 ആണ്.