നാട്ടുകാര്‍ക്ക് മുന്നില്‍ മെസ്സി ഇനി കളിക്കില്ല ; സൂപ്പര്‍താരത്തിന്റെ അവസാന ഗോളില്‍ അര്‍ജന്റീനയ്ക്ക് ജയം

സ്വന്തം രാജ്യത്ത് നാട്ടുകാര്‍ക്കൊപ്പം കളിക്കാനുള്ള സൂപ്പര്‍താരത്തിന്റെ അവസാന അവസരം. വെനസ്വേലയ്ക്ക് എതിരേയുള്ള ലോകകപ്പ് യോഗ്യതാമത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അര്‍ജന്റീനാ പരിശീലകന്‍ സ്‌കലാനി വ്യക്തമാക്കിയ കാര്യമായിരുന്നു. ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് ശേഷം താരം വിരമിച്ചേക്കുമെന്നാണ് സൂചനകള്‍.

ഇന്ന് നടന്ന മത്സരത്തില്‍ താരത്തിന്റെ ഗോളില്‍ അര്‍ജന്റീന വെനസ്വേലയെ 3-0 ന് പരാജയപ്പെടുത്തി. മത്സരത്തിലെ അവസാന ഗോള്‍ അര്‍ജന്റീനാ താരത്തിന്റെ വകയായിരുന്നു. തുടര്‍ച്ചയായി മുപ്പതാം മത്സരത്തിലാണ് അര്‍ജന്റീന തോല്‍വിയറിയാതെ കുതിച്ചത്. അര്‍ജന്റീനയ്ക്കായി നിക്കോളാസ് ഗോണ്‍സാലസാണ് ആദ്യം ഗോള്‍ നേടിയത്. 35 ാം മിനിറ്റില്‍ ഡി പോളിന്റെ അസിസ്റ്റിലൂടെയായിരുന്നു ഗോണ്‍സാലസിന്റെ ഗോള്‍.

ആദ്യ പകുതി ഒരു ഗോള്‍ നേടിയ അര്‍ജന്റീന രണ്ടാം പകുതിയില്‍ ലീഡ് കൂട്ടി. 79 ാം മിനിറ്റില്‍ രണ്ടു ഡിഫണ്ടര്‍മാര്‍ക്ക് ഇടയിലൂടെ ഡി പോള്‍ നല്‍കിയ പന്ത് ഡി മരിയ വലയിലാക്കുകയായിരന്നു. കളിയുടെ അവസാന മിനിറ്റില്‍ മെസ്സിയുടെഗോളുമെത്തി. ഡി മരിയ അളന്നു കുറിച്ചു നല്‍കിയ പാസ് മെസി അനായാസം വലയിലാക്കുകയായിരുന്നു.

ഖത്തറില്‍ നടക്കുന്ന ലോകകപ്പോടെ ലിയോണേല്‍ മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫിഫാ ലോകപ്പിന് ശേഷം അര്‍ജന്റീന ടീമില്‍ തന്റെ ഭാവി അനിശ്ചിതമാണെന്ന് മെസ്സി വ്യക്തമാക്കി. ജൂണിലും സെപ്തംബറിലും തയ്യാറെടുപ്പ് മത്സരങ്ങള്‍ അര്‍ജന്റീന കളിക്കുന്നുണ്ട്.