അവന്‍റെ ഫോമാകും കളിയില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുക; വിലയിരുത്തലുമായി രവി ശാസ്ത്രി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ സ്പിന്‍ മാന്ത്രികന്‍ രവിചന്ദ്രന്‍ അശ്വിന്റെ ഫോം ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമാകുമെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. അശ്വിനെ ഒരു ‘മുഴുവന്‍ പാക്കേജ്’ ആയിട്ടാണ് പരമ്പരയില്‍ കാണുന്നതെന്ന് ശാസ്ത്രി പറഞ്ഞു. നിലവില്‍ ഐസിസി ടെസ്റ്റ് ഓള്‍റൗണ്ടര്‍ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള അശ്വിന് ബോളിംഗിലും ബാറ്റിംഗിലും സംഭാവന നല്‍കാന്‍ കഴിയും.

ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയില്‍ (2021) നടന്ന മൂന്നാം ടെസ്റ്റ് വിജയത്തില്‍ അശ്വിന്‍ നിര്‍ണായക പങ്കുവഹിച്ചു. ആ മത്സരത്തില്‍ ഹനുമ വിഹാരിയ്ക്കൊപ്പം ഇന്ത്യയെ പരാജയത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രദ്ധേയമായ ഇന്നിംഗ്സാണ് അശ്വിന്‍ കളിച്ചത്. അതിനാല്‍, ബോളിംഗ് മാത്രമല്ല, അശ്വിന്റെ ബാറ്റിംഗും കളിയെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് ശാസ്ത്രി വിശ്വസിക്കുന്നു.

‘അശ്വിന്‍ കത്തിജ്വലിക്കുന്നുണ്ടെങ്കില്‍, അത് പരമ്പരയുടെ ഫലം തീരുമാനിച്ചേക്കാം. മിക്ക സാഹചര്യങ്ങളിലും അവന്‍ ലോകോത്തരമാണ്, എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അവന്‍ കൂടുതല്‍ വിനാശകാരിയാണ്. പന്ത് കറങ്ങാന്‍ തുടങ്ങുകയും ഉപരിതലത്തില്‍ നിന്ന് ആവശ്യത്തിന് പിന്തുണ ലഭിക്കുകയും ചെയ്താല്‍, അവന്‍ മിക്ക ബാറ്റര്‍മാരെയും ബുദ്ധിമുട്ടിക്കും.

അതിനായി അശ്വിന് അധികമൊന്നും പ്ലാന്‍ ചെയ്യേണ്ട കാര്യമില്ല. ആദ്യ ടെസ്റ്റില്‍ മൂന്നാം സ്പിന്നറായി അക്‌സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണം. കാരണം, ആദ്യ ദിനം ടോസ് നഷ്ടമായി ഫീല്‍ഡ് ചെയ്യേണ്ടിവരികയും പിച്ചില്‍ നിന്ന് കാര്യമായ സഹായം കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിലും റിസ്റ്റ് സ്പിന്‍ കൊണ്ട് എതിരാളികളെ ബുദ്ധിമുട്ടിക്കാന്‍ കുല്‍ദീപിന് കഴിയും.

Read more

സ്പിന്നിനെ സഹായിക്കാത്ത പിച്ചില്‍ പോലും ആദ്യ ദിനം മുതല്‍ പന്ത് സ്പിന്‍ ചെയ്യാന്‍ കഴിയുന്ന ബോളറാണ് കുല്‍ദീപ്. അതുപോലെ കളി പുരോഗമിക്കുമ്പോള്‍ പിച്ചിന്റെ ഇരുവശത്തും ഓസീസ് പേസര്‍മാര്‍ ഉണ്ടാക്കുന്ന വിള്ളലുകള്‍ ഫലപ്രദമായി ഉപയോഗിക്കാനും കുല്‍ദീപിന് സാധിക്കും- രവി ശാസ്ത്രി പറഞ്ഞു.