ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ മാര്‍ട്ടിനെസിന്റെ അശ്ലീല ചേഷ്ട; വിമര്‍ശനം

ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടിയത് അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസായിരുന്നു. താരത്തിന്റെ തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്റീനയുടെ കിരീടധാരണത്തില്‍ നിര്‍ണായകമായത്. എന്നാല്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ മാര്‍ട്ടിനെസ് ഭാഗത്തുനിന്നുണ്ടായ ഒരു കാര്യം ഫുട്‌ബോള്‍ ആരാധകര്‍ക്ക് അത്രരസിച്ചിട്ടില്ല.

പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമംഗങ്ങള്‍ക്കൊപ്പം ചേരാന്‍ തിരികെ നടക്കുമ്പോഴാണ് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിന്റെ ട്രോഫി ഉപയോഗിച്ച് മാര്‍ട്ടിനെസ് അശ്ലീല ചേഷ്ട കാംണിച്ചത്. ഖത്തര്‍ അധികാരികളും ഫിഫ പ്രതിനിധികളും വേദിയില്‍ നില്‍ക്കുമ്പോഴായിരുന്നു മാര്‍ട്ടിനെസ്സിന്റെ അതിരുവിട്ട പ്രതികരണം. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ഷൂട്ടൗട്ടിലേക്ക് നീങ്ങിയ ഫൈനല്‍ മത്സരത്തില്‍ എമിലിയാനോ മാര്‍ട്ടിനെസാണ് അര്‍ജന്റീനയുടെ രക്ഷകനായത്. ഷൂട്ടൗട്ടില്‍ കിങ്സ്ലി കോമാന്റെ ഷോട്ട് തടുത്തിട്ട് അര്‍ജന്റീനയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചത് മാര്‍ട്ടിനെസായിരുന്നു. അതിനും മുമ്പ് അധികസമയത്തേക്ക് നീണ്ട മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കോളോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി എമിലിയാനോ അര്‍ജന്റീനയ്ക്ക് ജീവന്‍ നല്‍കിയിരുന്നു.

Read more

പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്‌സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.