വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം, ലിവർപൂൾ താരം കാറപകടത്തിൽ മരിച്ചു; ഞെട്ടലിൽ ഫുട്ബോൾ ലോകം

ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്ട്രൈക്കല്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. സ്പെയിനിലെ സമോറ പ്രവിശ്യയിലാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്ദ്രേയ്ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ സഹോദരനും മരണപ്പെട്ടെന്നാണ് റിപ്പോർട്ട്. പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ചൊവ്വാഴ്‌ച രാവിലെയൊടെയാണ്‌ അപകടമുണ്ടായത്‌. ജോട്ടയും സഹോദരനും സഞ്ചരിച്ച ലംബോർഗിനിയാണ് അപകടത്തിൽപ്പെട്ടത്.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്. ഈ വർഷം ജൂൺ 22 നായിരുന്നു ഇവരുടെ വിവാഹം.

1996-ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെയാണ് തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. 2016-ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിലെത്തി. 2020-ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്.

Read more

2019, 2025 വർഷങ്ങളിൽ യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തിയ പോർച്ചുഗൽ ദേശീയ ടീമിലും ജോട്ട അംഗമായിരുന്നു. 2019ലായിരുന്നു ജോട്ടോയുടെ ദേശീയ ടീമുനായുള്ള അരങ്ങേറ്റം.