ബ്രഹ്മാണ്ഡ ചിത്രവുമായി പവൻ കല്യാൺ, ആവേശം നിറച്ച് ഹരിഹര വീര മല്ലു ട്രെയിലർ, കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ

തെലുങ്ക് സൂപ്പർതാരം പവൻ കല്യാൺ നായകനാവുന്ന എറ്റവും പുതിയ ചിത്രം ഹരിഹര വീര മല്ലു പാർട്ട് 1 ട്രെയിലർ പുറത്തിറങ്ങി. ജ്യോതി കൃഷ്ണ സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് സിനിമയുടെ 2.58 മിനിറ്റ് ദൈർഘ്യമുളള ട്രെയിലറാണ് ഇറങ്ങിയിരിക്കുന്നത്. പവൻ കല്യാൺ ആരാധകർക്ക് ഒരു വിരുന്ന് തന്നെയായിരിക്കും സിനിമയെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ഏറെനാളുകൾക്ക് ശേഷമാണ് തെലുങ്ക് സൂപ്പർതാരത്തിന്റെ ഒരു ചിത്രം വരുന്നത്. സ്വോർഡ് വേഴ്സസ് സ്പിരിറ്റ് എന്നാണ് സിനിമയുടെ ടാ​ഗ് ലൈൻ.

ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ഡൽഹി സുൽത്താനേറ്റിൽ നിന്ന് സനാതന ധർമ്മത്തെ സംരക്ഷിക്കാൻ വിധിക്കപ്പെട്ട ഒരു വിമത യോദ്ധാവായ വീര മല്ലുവായി പവൻ കല്യാണിനെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലറിൽ അവതരിപ്പിക്കുന്നു. മുഗൾ ശക്തിയെ വെല്ലുവിളിക്കുന്ന കഥാപാത്രമായാണ് പവൻ കല്യാൺ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ മു​ഗൾ സാമ്രാജ്യത്തിലെ ഭരണാധികാരികളിൽ ഒരാളായ ഔറം​ഗസേബിന്റെ വേഷത്തിൽ ബോബി ഡിയോൾ ആണ് എത്തുന്നത്.

കോഹിനൂർ രത്നത്തിനായുള്ള പോരാട്ടം തുടരവേ, വീര മല്ലു മുഗളരെ നേരിടുമ്പോഴാണ് ഈ ഇതിഹാസ തുല്യമായ ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങിയ ചിത്രത്തിൽ നിധി അ​ഗർവാളാണ് നായിക. പാൻ‌ ഇന്ത്യൻ റിലീസായി എത്തുന്ന സിനിമയുടെ സം​ഗീതം എംഎം കീരവാണിയാണ് നിർവഹിക്കുന്നത്. ഛായാഗ്രഹണം- ജ്ഞാന ശേഖർ വി.സ്, മനോജ് പരമഹംസ, എഡിറ്റിംഗ്- പ്രവീൺ കെ എൽ, പ്രൊഡക്ഷൻ ഡിസൈനർ – തോട്ട തരണി.

Read more