അങ്ങനെ ചെയ്തത് എന്തായാലും നന്നായി, ധനുഷിന് മുൻപ് കുബേരയിൽ പരി​ഗണിച്ചത് ആ സൂപ്പർതാരത്തെ, അവസാന നിമിഷം നിരസിച്ചതിന് കാരണം

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത എറ്റവും പുതിയ ചിത്രമാണ് കുബേര. അടുത്തിടെ റിലീസ് ചെയ്ത ചിത്രം നൂറ് കോടി ക്ലബിൽ എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ചിത്രത്തിൽ‌ ശ്രദ്ധേയ പ്രകടനമാണ് ധനുഷ് നടത്തിയതെന്നായിരുന്നു റിപ്പോർ‌ട്ടുകൾ. രഷ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ തെലുങ്ക് താരം നാ​ഗാർജുനയും പ്രധാന റോളിൽ എത്തുന്നു.

ധനുഷിന് മുൻപ് ചിത്രത്തിലേക്ക് പരി​ഗണിച്ചിരുന്നത് വിജയ് ദേവരകൊണ്ടയെ ആയിരുന്നു. ധനുഷ് അവതരിപ്പിച്ച ‘ദേവ’ എന്ന ഭിക്ഷക്കാരന്റെ വേഷം ചെയ്യാനാണ് വിജയ് ദേവരകൊണ്ടയെ സംവിധായകൻ സമീപിച്ചത്. എന്നാൽ, ‘ലൈഗർ’ എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം, വീണ്ടും ഒരു ദരിദ്ര വേഷം ചെയ്യുന്നത് ആരാധകർക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതി വിജയ് ഈ ഓഫർ നിരസിക്കുകയായിരുന്നു. അതേസമയം വിജയ് ഈ വേഷം വേണ്ടെന്നുവച്ചത് നന്നായെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്.

ധനുഷ് ​ഗംഭീരമാക്കിയ പോലെ ആ വേഷം വിജയ് ദേവരകൊണ്ടയ്ക്ക് ചെയ്യാൻ പറ്റില്ലെന്നും, ഓഫർ നിരസിച്ചത് നന്നായി എന്നുമാണ് ചില ആരാധകർ കമന്റിട്ടത്. തെലുങ്കിലും തമിഴിലുമായിട്ടാണ് അണിയറക്കാർ കുബേര ഒരുക്കിയത്. എന്നാൽ തെലുങ്കിൽ സ്വീകരിക്കപ്പെട്ടിട്ടും തമിഴ് പ്രേക്ഷകർ ചിത്രം ഏറ്റെടുക്കാത്തത് അണിയറക്കാറെ ഞെട്ടിച്ചു.

Read more

പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ടാണ് കുബേര 100 കോടി പിന്നിട്ടത്. ആഗോള തലത്തിൽ ചിത്രം 124.60 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടിയപ്പോൾ വിദേശത്ത് നിന്ന് മാത്രം ഇതുവരെ 30.80 കോടിയോളം നേടി. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്.