അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരിലൊരാളെ നാടുകടത്താനുള്ള ശ്രമത്തിനിടെ അയാൾ സ്വന്തം ശരീരം തന്നെ കടിച്ചുമുറിച്ച് ഭക്ഷിക്കാൻ തുടങ്ങിയെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം. കുടിയേറ്റക്കാരൻ സ്വന്തം ശരീരം ഭക്ഷിക്കുന്ന ഒരു ‘നരഭോജി’ ആയിരുന്നെന്നും ക്രിസ്റ്റി കൂട്ടിച്ചേർത്തു. യുഎസ് മാർഷൽ ആണ് തന്നോട് ഇക്കാര്യം വ്യക്തമാക്കിയതെന്നും ക്രിസ്റ്റി പറഞ്ഞു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസിനും ഒപ്പം ഫ്ളോറിഡയിലെ ‘അലിഗേറ്റർ അൽകാട്രാസ്’ തടങ്കൽ കേന്ദ്രം സന്ദർശിച്ചപ്പോൾ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റിൽ (ഐസിഇ) പ്രവർത്തിക്കുന്ന മാർഷലുകളാണ് അസ്വസ്ഥതയുണ്ടാക്കുന്ന ഈ സംഭവത്തെക്കുറിച്ച് പറഞ്ഞതെന്ന് ക്രിസ്റ്റി നോം പറഞ്ഞു. വിമാനത്തിൽ കയറ്റിയപ്പോഴാണ് ഇയാൾ സ്വന്തം ശരീരം കടിച്ചു മുറിച്ചത്. മാർഷലുകൾ അപ്പോൾ തന്നെ ഇയാളെ പുറത്തിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ക്രിസ്റ്റി മാധ്യമങ്ങളോട് പറഞ്ഞു.
‘കഴിഞ്ഞ ദിവസം, ഐസിഇയുമായി സഹകരിക്കുന്ന ചില മാർഷലുകളുമായി ഞാൻ സംസാരിക്കുകയായിരുന്നു. അവർ ഒരു നരഭോജിയെ തടഞ്ഞുവെച്ച് വിമാനത്തിൽ കയറ്റിവിട്ടു. അവർ അയാളെ സീറ്റിലിരുത്തിയപ്പോൾ അയാൾ സ്വയം ഭക്ഷിക്കാൻ തുടങ്ങി. അവർക്ക് അയാളെ പുറത്തിറക്കി വൈദ്യസഹായം നൽകേണ്ടിവന്നു,’ നോം പറഞ്ഞു. കഴിഞ്ഞ ആഴ്‌ച ഫോക്‌സ് ന്യൂസ് അവതാരക ജെസ്സി വാട്ടേഴ്‌സുമായുള്ള അഭിമുഖത്തിനിടെയാണ് നോം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സാധാരണ കാര്യം പോലെയാണ് യുഎസ് മാർഷൽ ഇത് തന്നോട് പറഞ്ഞത്’; ക്രിസ്റ്റി നോം പറഞ്ഞു.