നാടകാന്തം... ലുസൈലില്‍ മിശിഹാ അവതരിച്ചു!!!, ഫ്രാന്‍സിനെ തുരത്തി കപ്പ് അടിച്ച് അര്‍ജന്റീന

ലോകകപ്പ് ഫൈനലിന്റെ ആവേശകരമായ മത്സരത്തില്‍ പെനാല്‍റ്റി കിക്കിലൂടെ ഫ്രാന്‍സിനെ തുരത്തി അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടു. മെസിയുടെ കരുത്തില്‍ നിറഞ്ഞാടിയ അര്‍ജന്റീനയ്ക്ക് അര്‍ഹിക്കുന്ന വിജയം കൂടിയാണിത്. ഈ ലോകകപ്പ് നേട്ടത്തോടെ മൂന്നാം കിരീടത്തിലാണ് അര്‍ജന്റീന മുത്തമിടുന്നത്.

ലോകകപ്പ് ഫൈനലിന്റെ ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയ മത്സരത്തില്‍ എക്‌സ്ട്രാ ടൈമിലെ 108 മിനിട്ടില്‍ മെസിയുടെ ഗോളില്‍ വീണ്ടും അര്‍ജന്റീന മുന്നിലെത്തിയത്. 117 മിനിട്ടില്‍ പെനാല്‍റ്റി കിക്കിലൂടെ എംബാപ്പെ ഗോള്‍മടക്കി. ഇതോടെ 3-3 എന്ന നിലയിലായി ഗോള്‍നില.

മെസ്സിയും ഡി മരിയയും അര്‍ജന്റീനയെ മുന്നിലെത്തിച്ച കളിയുടെ അവസാന മിനിറ്റുകളില്‍ കിലിയന്‍ എംബാപ്പെ നേടിയ രണ്ടു ഗോളിലാണ് ഫ്രാന്‍സ് കളിയുടെ നിശ്ചിത സമയത്തില്‍ ഒപ്പം പിടിച്ചത്. ലുസൈല്‍ മൈതാനത്ത് കളി ആരംഭിച്ചപ്പോള്‍ തന്നെ അര്‍ജന്റീന കളിയില്‍ മേധാവിത്വം സ്ഥാപിച്ചിരുന്നു.

ഗ്രൗണ്ടില്‍ പന്തുരുണ്ട് രണ്ടാം മിനിറ്റില്‍ തന്നെ അര്‍ജന്റീന ആദ്യ ഗോളവസരം തുറന്നു. അഞ്ചാം മിനിറ്റില്‍ വീണ്ടും ഫ്രഞ്ച് വലക്കരികെയെത്തി അപകടസൂചന നല്‍കി. ഒട്ടും കൂസാതെ എല്ലാം കാത്തിരുന്ന ഫ്രഞ്ചു പട വൈകിയാണെങ്കിലും അര്‍ജന്റീന ഗോള്‍മുഖത്ത് പ്രത്യാക്രമണങ്ങള്‍ തുടങ്ങിയതോടെ കളിക്കളത്തിന് തീപിടിച്ചു. 23ാം മിനിറ്റിലാണ് അര്‍ജന്റിന ഗോള്‍ നേടുന്നത്. ഇടതു വിങ്ങില്‍ അതിവേഗ നീക്കവുമായി ഫ്രഞ്ച് ബോക്‌സിലെത്തിയ ഡി മരിയയയെ ഡെംബലെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. ഒട്ടും മാനസിക പ്രയാസമില്ലാതെ പതിയെ എത്തി ലോറിസ് ചാടിയതിന് എതിര്‍ ദിശയില്‍ പന്തടിച്ചുകയറ്റി മെസ്സി അനായാസം വലയിലെത്തിച്ചതോടെ ഗാലറി ആവേശത്തില്‍ ആറാടി.

Read more

പിന്നീട് കളം നിറഞ്ഞ് കളിച്ച അര്‍ജന്റീന 35ാം മിനിറ്റില്‍ മെസ്സി തുടക്കമിട്ട മറ്റൊരു നീക്കത്തില്‍ വീണ്ടും ഗോളിലെത്തി. അലിസ്റ്റര്‍ നല്‍കിയ അനായാസ പാസില്‍ ഡി മരിയയായിരുന്നു വല ചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ അഞ്ചു ഗോളുമായി ഗോള്‍ഡന്‍ ബൂട്ടിനരികെയുണ്ടായിരുന്ന എംബാപ്പെ പ്രത്യാക്രമണം ആരംഭിച്ചു. കളി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലാറ്റിന്‍ അമേരിക്കക്കാരുടെ ഗോള്‍ ഷോട്ടുകള്‍ ഒമ്പതായിരുന്നെങ്കില്‍ മറുവശത്ത് ഒന്നുപോലും അതുവരെ പിറന്നിരുന്നില്ല. എംബാപ്പെ, ജിറൂദ് ദ്വയം മാത്രമല്ല ഗ്രീസ്മാനും ഡെംബലെയും ഒരുപോലെ നിറംമങ്ങി. അതിനിടെ, കളിയുടെ ഗതി മാറ്റിമറിച്ച് ഫ്രാന്‍സ് തിരിച്ചടിച്ചു. അര്‍ജന്റീന നേടിയ ഗോളുകള്‍ക്ക് സമാനമായി ആദ്യം പെനാല്‍റ്റിയിലും പിന്നീട് നേരിട്ടും ഗോളടിച്ച് എംബാപ്പെ ഫ്രാന്‍സിന്റെ രക്ഷകനായി. ഒന്നിനു പിറകെ ഒന്നായി അതിമാനുഷനെ പോലെ കാലുകള്‍ കൊണ്ട് അര്‍ജന്റീനയുടെ നെഞ്ചകം പിളര്‍ത്തിയായിരുന്നു ഗോളുകള്‍. 80, 81 മിനിറ്റുകളിലായിരുന്നു ഗോളുകള്‍ പിറന്നത്. തുടര്‍ന്ന് കളി എക്‌സ്ട്രാടൈമിലേക്ക് നീളുകയായിരുന്നു. എക്‌സ്ട്രാടൈമിലും ആവേശകരമായ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്.