ശ്രീലങ്കയ്ക്കെതിരേ എനിക്കത് ചെയ്യാനായില്ല, അദ്ദേഹത്തിന്റെ ഉപദേശം കരുത്തായി; വെളിപ്പെടുത്തി ശുഭ്മാന്‍ ഗില്‍

ആദ്യ മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം സെഞ്ച്വറിയോടെ തിരിച്ചുവരവ് നടത്തിയതിനെക്കുറിച്ച് മനസ് തുറന്ന് ഇന്ത്യന്‍ യുവഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ടി20യില്‍ തുടര്‍ച്ചായായി പരാജയ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടും താരത്തിന് വീണ്ടും അവസരം നല്‍കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. അതിനിടെയാണ് വിമര്‍ശകരുടെ വായടപ്പിച്ചുള്ള താരത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിന് പ്രചോദനമായ കാര്യത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഗില്‍.

നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഉപദേശം കരുത്തായെന്നാണ് ഗില്‍ പറഞ്ഞത്. ‘നീ നിന്റെ മത്സരം കളിക്കൂവെന്നാണ് ഹര്‍ദിക് ഭായ് എന്നോട്ട് പറഞ്ഞത്. നീ വ്യത്യസ്തമായി ഒന്നും ചെയ്യണ്ട. അദ്ദേഹം എന്നെ പിന്തുണച്ചു. അതിന് ഇപ്പോള്‍ ഫലമുണ്ടായിരിക്കുന്നു.’

‘മികച്ച പരിശീലനവും കരുത്തായി. ഞാന്‍ സ്വയം ആത്മവിശ്വാസം നല്‍കാന്‍ ശ്രമിച്ചു. ശ്രീലങ്കയ്ക്കെതിരേ എനിക്കത് ചെയ്യാനായില്ല. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ മികച്ച സംഭാവന ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.’

‘രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുമ്പോള്‍ ഏതെങ്കിലും തരത്തില്‍ ക്ഷീണമുണ്ടാവുമെന്ന് കരുതാനാവില്ല. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുന്നതിനെ അഭിമാനമായി കാണുന്നു’- ഗില്‍ പറഞ്ഞു.