ഐ.പി.എല്‍ 2021: നികത്താനാവാത്ത നഷ്ടം, സണ്‍റൈസേഴ്‌സ് ഞെട്ടലില്‍

ഐ.പി.എല്‍ 14ാം സീസണിനു തയ്യാറെടുക്കുന്ന സണ്‍റൈസേഴ്‌സിന് അത്ര സുഖകരമല്ലാത്ത റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ടീമിന്റെ നായകനും ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ വരുന്ന സീസണില്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ടീമിനെ അലട്ടുന്നത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കിടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരിക്കുന്ന വാര്‍ണറുടെ പ്രതികരണമാണ് ടീമിന് ഇപ്പോള്‍ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

“പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ അടുത്ത ആറു മുതല്‍ ഒമ്പത് മാസം വരെ എനിക്കു വേണ്ടി വന്നേക്കും. പക്ഷെ മെഡിക്കല്‍ സംഘം ഇതിനേക്കാള്‍ വേഗത്തില്‍ പഴയ സ്ഥിതിയിലേക്കു മടങ്ങിയെത്താന്‍ സഹായിക്കുമെന്നാണ് വിശ്വസിക്കുന്നത്.”

“അടുത്തയാഴ്ച മുതല്‍ ഞാന്‍ ത്രോ ചെയ്യാന്‍ ആരംഭിക്കും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇതു ചെയ്യുമ്പോള്‍ വലിയ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. ത്രോ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പോലും വിഷമം നേരിട്ടിരുന്നു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടമാണ് ഇപ്പോള്‍ കൂടുതലായും നടത്തുന്നത്” വാര്‍ണര്‍ പറഞ്ഞു.

David Warner expects to live with pain of groin injury for most of the year

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യക്കെതിരേ ഓസ്ട്രേലിയയില്‍ നടന്ന നിശ്ചിത ഓവര്‍ പരമ്പരയ്ക്കിടെ വാര്‍ണര്‍ക്ക് നാഭിഭാഗത്ത് പരിക്കേല്‍ക്കുകയായിരുന്നു. പൂര്‍ണാരോഗ്യം വീണ്ടെടുക്കാന്‍ അടുത്ത ആറു മുതല്‍ ഒമ്പത് മാസം വരെ വേണമെന്നിരിക്കെ ഏപ്രീല്‍ ആരംഭിക്കാനിരിക്കുന്ന ഐ.പി.എല്ലില്‍ പങ്കെടുക്കാന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞേക്കില്ല എന്നാണ് കരുതേണ്ടത്.