സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസുകളെല്ലാം പണിമുടക്കിലാണ്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അടക്കം അനുകൂല തീരുമാനം ഇല്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമ സംയുക്ത സമരസമിതി. അതേസമയം കേന്ദ്ര സർക്കാരിനെതിരെ പത്ത് തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് നാളെയാണ്. ലിമിറ്റഡ് സ്‌റ്റോപ് ബസുകളുടെയും ദീർഘ ദൂര ബസുകളുടെയും പെർമിറ്റുകൾ കൃത്യമായി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു. സൂചന സമരം കഴിയുമ്പോൾ, മന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടുമെന്നാണ് ബസ് ഉടമകൾ പറയുന്നത്.