ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും, വിരാട് കോഹ്‌ലിയും. സച്ചിന്റെ 100 സെഞ്ചുറികൾ മറികടക്കാൻ സാധ്യത ഉള്ള നിലവിലെ താരം അത് വിരാട് കോഹ്ലിയാണ്. എന്നാൽ നാളുകൾ ഏറെയായി ഇപ്പോൾ മോശമായ പ്രകടനമാണ് വിരാട് കാഴ്ച വെക്കുന്നത്. അതിൽ വൻതോതിലുള്ള വിമർശനവും ഉയർന്നു വരുന്നുണ്ട്.
ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ മാത്രമായിരുന്നു വിരാട് സെഞ്ച്വറി നേടിയത്. പിന്നീട് കളിച്ച ഒരു മത്സരം പോലും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്നില്ല. കൂടാതെ കളിക്കളത്തിൽ വെച്ച് ഓസ്‌ട്രേലിയൻ താരങ്ങളോട് സ്ലെഡ്ജിങ്ങും ചെയ്തു രംഗം വഷളാക്കിയിരുന്നു. ഈ കാരണങ്ങളാൽ സച്ചിനുമായി വിരാട് കൊഹ്‌ലിയെ താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ ബാസിത് അലി.
ബാസിത് അലി പറയുന്നത് ഇപ്രകാരം:
“വിരാട് കോലിയെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം. സച്ചിന്‍ വളരെ ഉയരത്തിലാണ്. സച്ചിനെ കണ്ടിട്ടാണ് വിരാട് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. സച്ചിനാവട്ടെ ഗവാസ്‌കറെ കണ്ടതിനു ശേഷമാണ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചത്. അതുകൊണ്ടു തന്നെ വിരാടിനെ സച്ചിനുമായി താരതമ്യവും ചെയ്യരുത്”
ബാസിത് അലി തുടർന്നു:
“കളിക്കളത്തില്‍ വച്ച് സച്ചിന്‍ ആരെങ്കിലുമായി ചൂടാവുകയോ, ഏറ്റുമുട്ടുകയോ ചെയ്തതിനെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അദ്ദേഹമൊരു മാന്യന്‍ തന്നെയായിരുന്നു. എല്ലായ്‌പ്പോഴും മുഖത്തൊരു പുഞ്ചിരിയും സച്ചിന്‍ കാത്തുസൂക്ഷിച്ചിരുന്നു. ഗ്രൗണ്ടിലല്ല, പൊതുവെ അദ്ദേഹം അങ്ങനെയാണ് കാണപ്പെടാറുള്ളത്” ബാസിത് അലി പറഞ്ഞു.