എതിര്‍ടീമുകള്‍ കഷ്ടപ്പെടുകയാണ്, നാം കുടിച്ച കയ്പുനീരിന്റെ രുചി അവരും അറിയുകയാണ്!

അക്‌സര്‍ പട്ടേല്‍ ഒരര്‍ത്ഥത്തില്‍ നമുക്കുവേണ്ടി കണക്കുകള്‍ തീര്‍ക്കുകയാണ്. എതിര്‍ ടീമുകളുടെ വാലറ്റക്കാര്‍ ഇന്ത്യയ്‌ക്കെതിരെ റണ്‍സ് വാരിക്കൂട്ടുന്നത് ഒരുകാലത്ത് പതിവുകാഴ്ച്ചയായിരുന്നു. വാലറ്റത്തെ തുടച്ചുനീക്കുന്നതിലുള്ള പോരായ്മ മൂലം എത്രയെത്ര ടെസ്റ്റ് മത്സരങ്ങളാണ് നാം അടിയറവ് വെച്ചിട്ടുള്ളത്! അതിന്റെ പേരില്‍ എത്രമാത്രമാണ് നാം നിരാശപ്പെട്ടിട്ടുള്ളത്!

ഇപ്പോള്‍ നമ്മുടെ ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരെ പുറത്താക്കാന്‍ എതിര്‍ടീമുകള്‍ കഷ്ടപ്പെടുകയാണ്. നാം കുടിച്ച കയ്പുനീരിന്റെ രുചി അവരും അറിയുകയാണ്. അക്‌സര്‍ പട്ടേലുമാരും അശ്വിന്‍മാരും നമുക്കുവേണ്ടി പക വീട്ടുകയാണ്. ഡല്‍ഹി ടെസ്റ്റ് ഓസ്‌ട്രേലിയയുടെ കൈപ്പിടിയിലായിരുന്നു. കുറഞ്ഞത് 100 റണ്‍സിന്റെ ലീഡെങ്കിലും സ്വന്തമാക്കാം എന്ന് അവര്‍ സ്വപ്നം കണ്ടിരുന്നു. പക്ഷേ കംഗാരുപ്പടയുടെ ലീഡ് ഒരു റണ്ണായി ചുരുങ്ങി. ഇതാണ് അക്‌സര്‍ ഇഫക്റ്റ്!

ടേണ്‍ ഉള്ള പിച്ച് ആയിരുന്നു. ഓസീസിന്റെ ഫ്രണ്ട്‌ലൈന്‍ സ്പിന്നറായ ലയണ്‍ മാരക ഫോമിലായിരുന്നു. എന്നിട്ടും അക്‌സറിന്റെ വിക്കറ്റ് വീഴാന്‍ പാറ്റ് കമ്മിന്‍സിന്റെ അവിശ്വസനീയമായ ഒരു ക്യാച്ച് വേണ്ടിവന്നു. അത്രയേറെ സ്‌പെഷലായ ഇന്നിംഗ്‌സ്.

ലോങ്ങ്-ഓണില്‍ ഫീല്‍ഡര്‍ നില്‍ക്കുമ്പോള്‍ അയാളുടെ തലയ്ക്കുമുകളിലൂടെ സിക്‌സര്‍ അടിക്കുന്ന ആധുനിക മനോനില അക്‌സറിനുണ്ട്. അതോടൊപ്പം അയാള്‍ പരമ്പരാഗതമായ സ്‌ക്വയര്‍ കട്ടുകളും കളിക്കുന്നു. ഇപ്രകാരം ബാറ്റ് ചെയ്യുന്ന ഒരാള്‍ മുന്‍നിര ബോളര്‍ കൂടിയാവുമ്പോള്‍ അയാളുടെ മൂല്യം പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു.

ഒരു ടേണിംഗ് പിച്ചില്‍ വലിയൊരു ഒന്നാമിന്നിംഗ്‌സ് ലീഡ് വഴങ്ങിയാല്‍ ആ കളി കൈവിട്ടു എന്നാണ് അര്‍ത്ഥം. തോല്‍വിയുടെ മുനമ്പില്‍ നിന്നാണ് അക്‌സര്‍ ഇന്ത്യയെ പ്രത്യാക്രമണത്തിലൂടെ കൈപിടിച്ചു കയറ്റിയത്. അക്‌സര്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ഡ്രെസ്സിങ്ങ് റൂമിലെ മുഴുവന്‍ ആളുകളും എഴുന്നേറ്റുനിന്ന് കൈയ്യടിക്കുകയായിരുന്നു. അതില്‍ എല്ലാമുണ്ട്..