'സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തിയതിന്റെ ഫലം'; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കിട്ടിയ തിരിച്ചടിയില്‍ നജാം സേത്തി

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നത് സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തിയതിന്റെ ഫലമാണെന്ന് പിസിബി മുന്‍ ചെയര്‍മാന്‍ നജാം സേത്തി. മത്സരങ്ങള്‍ക്ക് യുഎഇ പരിഗണിക്കണമെന്ന് താന്‍ പറഞ്ഞായിരുന്നുവെന്നും എന്നാല്‍ ചൂട് കുടുതലാണെന്ന് പറഞ്ഞ് തന്റെ നിര്‍ദ്ദേശം തള്ളിയെന്നും സേത്തി പറഞ്ഞു.

ക്രിക്കറ്റിലെ വലിയൊരു പോരാട്ടമാണ് മഴ ഇല്ലാതാക്കിയത്. വളരെ നിരാശാജനകമാണിത്. പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ മത്സരങ്ങള്‍ക്ക് യുഎഇ പരിഗണിക്കണമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദുബായിയില്‍ ചൂടു വളരെ കൂടുതലാണെന്നു പറഞ്ഞ് അവര്‍ ശ്രീലങ്കയാണ് പരിഗണിച്ചത്.

എന്നാല്‍ 2022 സെപ്റ്റംബറില്‍ നടന്ന ഏഷ്യാ കപ്പ്, 2014, 2020 ഐപിഎല്‍ സീസണുകള്‍ എന്നിവയ്ക്ക് വേദിയായപ്പോഴും അവിടെ ഇതേ ചൂടുണ്ടായിരുന്നു. സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തിയതിന്റെ ഫലമായാണ് ക്ഷമിക്കാനാവാത്ത ഈ തീരുമാനം ഉണ്ടായിരിക്കുന്നത്- നജാം സേതി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് മത്സരം മഴയേത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 266 റണ്‍സ് നേടി. എന്നാല്‍ രണ്ടാം ഇന്നിംസില്‍ ഒരു ബോള്‍ പോലും എറിയാന്‍ സാധിക്കാത്ത നിലയില്‍ മഴ പെയ്തിറങ്ങി. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.