ടി20 ലോകകപ്പ് 2024: 'അവന്‍ ബുംറയെപ്പോലെ, ടെസ്റ്റ് ക്രിക്കറ്റില്‍ കളിപ്പിക്കണം': യുവ ബൗളറെ പ്രശംസിച്ച് ഗവാസ്‌കര്‍

2024 ലെ ഐസിസി ടി 20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെ പ്രശംസിച്ച് സുനില്‍ ഗവാസ്‌കര്‍. അര്‍ഷ്ദീപിന്റെ ബോളിംഗിനെ പ്രശംസിച്ച ഗവാസ്‌കര്‍ സമീപഭാവിയില്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറാനുള്ള യുവ സീമറുടെ കഴിവില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അര്‍ഷ്ദീപ് വലംകൈയ്യന്‍ ബാറ്റര്‍മാര്‍ക്കായി സ്റ്റംപുകളെ ലക്ഷ്യമാക്കിയും ഇടംകൈയ്യന്‍മാരില്‍നിന്ന് അകറ്റി കഠിനവും സ്ഥിരതയുള്ളതുമായ ലെങ്തിലാണ് പന്ത് പിച്ച് ചെയ്യുന്നത്. ആ രണ്ട് ഡെലിവറികളും കൃത്യമായി നിര്‍വ്വഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് അദ്ദേഹത്തിന്റെ ശക്തി. കൂടാതെ, അദ്ദേഹത്തിന്റെ സ്വഭാവവും മികച്ചതാണ്.

ബുംറയെപ്പോലെ തന്നെ റെഡ്-ബോള്‍ ക്രിക്കറ്റില്‍ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. വെളുത്ത പന്ത് ഫലപ്രദമായി ചലിപ്പിക്കാന്‍ കഴിയുമെങ്കില്‍, ചുവന്ന പന്തിലും തുല്യമായി ആധിപത്യം സ്ഥാപിക്കാനാകും. ടെസ്റ്റ് ടീമിലേക്കുള്ള ഓപ്ഷനായി സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ഗൗരവമായി പരിഗണിക്കണം- ഗവാസ്‌കര്‍ പറഞ്ഞു.

ടൂര്‍ണമെന്റിന്റെ ന്യൂയോര്‍ക്ക് പാദത്തിലുടനീളം ഇന്ത്യയുടെ പേസ് ആക്രമണം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജസ്പ്രീത് ബുംറ ആദ്യ രണ്ട് മത്സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ബഹുമതി നേടിയപ്പോള്‍ അമേരിക്കക്കെതിരായ മത്സരത്തില്‍ അര്‍ഷ്ദീപ് സിംഗ് മികച്ച താരമായി.