ഇന്ത്യക്ക് ധോണിയുടെ പകരക്കാരന്‍ വേണം, ഏറ്റവും യോഗ്യനാരെന്ന് പറഞ്ഞ് ശാസ്ത്രി

ഈ വര്‍ഷത്തെ ടി20 ലോക കപ്പ് അടുത്ത് കൊണ്ടിരിക്കെ ഇന്ത്യന്‍ ടീം ഘടനയില്‍ വിലപ്പെട്ട നിര്‍ദ്ദേശം മുന്നോട്ടുവെച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യക്ക് മുന്‍ നായകന്‍ എംഎസ് ധോണിയുടെ പകരക്കാരനെയാണ്് ആവശ്യമെന്നും നിലവില്‍ ആ ദൗത്യം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ ദിനേശ് കാര്‍ത്തിക്കാണെന്നും ശാസ്ത്രി പറഞ്ഞു.

‘ടീമിന്റെ നിലവിലെ സ്ഥിതി നോക്കുക. ടീമിനാവശ്യം ടോപ് ഓഡറില്‍ ബാറ്റ് ചെയ്യുന്ന കീപ്പറെയാണോ അതോ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന കീപ്പറെയാണോ? ഞാന്‍ ഇതില്‍ രണ്ടാമത്തേതാണ് തിരഞ്ഞെടുക്കുന്നത്. ധോണി ചെയ്തിരുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിവുള്ള ഒരു താരത്തെയാണ് ആവശ്യം.’

‘മത്സരം ഫിനിഷ് ചെയ്യാനൊരു താരത്തെയാണ് ഇന്ത്യക്ക് വേണ്ടത്. ധോണി വിരമിച്ച ശേഷം ഇന്ത്യന്‍ ടീമില്‍ ഈ റോളിലേക്ക് അധികം താരങ്ങള്‍ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് വരാനുള്ള സാധ്യത കൂടുതലാണെന്നാണ് കരുതുന്നത്.’

‘നിലവിലെ സാഹചര്യത്തില്‍ കാര്‍ത്തിക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തിളങ്ങണം. പരമ്പരയിലുടെനീളം അവന് അവസരം ലഭിക്കണം. അവന്‍ ടീമിന്റെ പ്രധാനപ്പെട്ട ഘടകമാണെന്ന് ഓര്‍ക്കണം’ ശാസ്ത്രി പറഞ്ഞു.

ഇത്തവണത്തെ ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവെച്ചത്. ഫിനിഷര്‍ റോളില്‍ ആര്‍സിബിയ്ക്കായി മികച്ച പ്രകടനമാണ് താരം നടത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യയുടെ ടി20 ടീമിലേക്കും കാര്‍ത്തികിന് വിളിയെത്തി.