പണിമുടക്കുമായി എല്ലാവരും സഹകരിക്കുന്നതാണ് നല്ലത്; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്; താക്കീതുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍

സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ എല്ലാവരും പണിമുടക്കുമായി സഹകരിക്കുന്നതാണ് നല്ലതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. അതേസമയം, നാളത്തെ ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസി തെരുവിലിറക്കുന്ന പ്രശ്‌നമില്ലെന്നും അദേഹം പറഞ്ഞു.
ദേശീയ പണിമുടക്ക് കെഎസ്ആര്‍ടിസിയെ ബാധിക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ മന്ത്രി അങ്ങനെ പറയരുതെന്നും കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ടിപി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

നോട്ടീസ് നല്‍കിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയല്ല മാനേജ്‌മെന്റ്. മന്ത്രി സര്‍ക്കാറിന്റെ ഭാഗമാണ്. മന്ത്രിക്കല്ല നോട്ടീസ് നല്‍കേണ്ടത്. കെഎസ്ആര്‍ടിസി പണിമുടക്കില്‍ പങ്കെടുക്കില്ല എന്നത് ഏത് കേന്ദ്രത്തില്‍ നിന്നാണ് വന്നത് എന്ന് അറിയില്ല. കെഎസ്ആര്‍ടിസി നാളെ സ്തംഭിക്കുമെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, കെഎസ്ആര്‍ടിസി യൂണിയനുകള്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി.. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സംഘടനകള്‍ സിഎംഡിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്പന അവസാനിപ്പിക്കുക, സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9,000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ 24 മണിക്കൂര്‍ പൊതുമണിമുടക്ക് നടത്തുന്നത്.

Read more

ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു, എയുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ തുടങ്ങി പത്തു തൊഴിലാളിസംഘടനകളുടെ സംയുക്ത വേദിയാണ് പൊതുമണിമുടക്ക് പ്രഖ്യാപിച്ചത്.