മന്ത്രിയല്ല കെഎസ്ആര്‍ടിസിയുടെ മാനേജ്‌മെന്റ്; ഗണേഷ്‌കുമാര്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ല; നാളെ കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്ന് ടിപി രാമകൃഷ്ണന്‍

അഖിലേന്ത്യ പണിമുടക്കില്‍ ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാറിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു. നാളെ കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ബുധനാഴ്ചത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിഐടിയു നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ടിപി രാമകൃഷ്ണന്‍ രംഗത്തെത്തിയത്. കെഎസ്ആര്‍ടിസിയില്‍ ആരും പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് വാദം തെറ്റാണെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്ക് തൊഴിലാളികള്‍ പ്രകടനമായി ചെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

പണിമുടക്കില്‍ ആര്‍ക്കും വിയോജിപ്പില്ല. മന്ത്രി അങ്ങനെ പറയാന്‍ പാടില്ലാത്തതാണ്. മന്ത്രിയല്ല കെഎസ്ആര്‍ടിസിയുടെ മാനേജ്‌മെന്റ്. മന്ത്രിക്കല്ല നോട്ടീസ് നല്‍കുക. കെഎസ്ആര്‍ടിസി എംഡിക്കാണ്. മന്ത്രി വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ല. കേരളത്തിലെ പ്രശ്നത്തിനല്ല പണിമുടക്ക്. കേരളത്തിലെ തൊഴിലാളികള്‍ സന്തുഷ്ടരാകുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന സമീപനത്തിന്റെ ഭാഗമാണ്.

Read more

കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയാണ് പണിമുടക്കുന്നത്. സ്വമേധയാ പണിമുടക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ബസുകള്‍ നിരത്തിലിറക്കിയാല്‍ അപ്പോള്‍ അതിനെ കുറിച്ച് ആലോചിക്കാമെന്നും ടിപിരാമകൃഷ്ണന്‍ പറഞ്ഞു.