ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

ഐസിസിയുടെ പുതിയ ടി-20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി മലയാളി താരം സഞ്ജു സാംസൺ. വെറും 5 മത്സരങ്ങളിൽ നിന്ന് മാത്രമാണ് സഞ്ജു 21 ആം സ്ഥാനത്ത് എത്തിയത്. 875 റേറ്റിംഗ് പോയന്‍റുമായിയ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. നാല് റേറ്റിംഗ് പോയന്‍റ് വ്യത്യാസത്തില്‍ ഇഷാന്‍ കിഷന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് ആറാം സ്ഥാനത്തെത്തിയപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

ബൗളിംഗ് റാങ്കിംഗില്‍ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനം നിലിനിര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി രണ്ടാമതാണ്. ജസ്പ്രീത് ബുമ്ര ഒരു സ്ഥാനം ഉയര്‍ന്ന് അഞ്ചാം സ്ഥാനത്തെത്തി. ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ സിംബാംബ്‌വേയുടെ സിക്കന്ദർ റാസ ഒന്നാമതും ഹാർദിക് പാണ്ഡ്യ രണ്ടാമതുമാണ്.

ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ന്യൂസിലാൻഡ് താരം ഡാരില്‍ മിച്ചല്‍ ഒന്നാമതും വിരാട് കോഹ്‌ലി രണ്ടാമതുമാണ്. ബൗളിങ്ങിൽ അഫ്‌ഗാനിനിന്റെ റാഷിദ് ഖാൻ ഒന്നാമതും ഇംഗ്ലണ്ടിന്റെ ജോഫ്രെ ആർച്ചർ രണ്ടാമതുമാണ്. ഓൾ റൗണ്ടർ റാങ്കിങ്ങിൽ അഫ്‌ഗാന്റെ അസ്മത്തുള്ള ഒമാർസായി ഒന്നാമതും ബംഗ്ലാദേശിന്റെ മെഹ്ദി മിറാസ് രണ്ടാമതുമാണ്.