ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ജെഎസ്‌കെ വിവാദത്തിൽ പ്രതികരിച്ച് ഷൈൻ ടോം ചാക്കോ

‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. എന്തുകൊണ്ടാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് കൊടുക്കാത്തതെന്ന് സെൻസർ ബോർഡിനോട് അല്ലേ ചോദിക്കേണ്ടതെന്ന് ഷൈൻ ചോദിച്ചു.

‘സെൻസർ ബോർഡിനോടല്ലേ ചോദിക്കേണ്ടത്. ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരു സംസ്‌കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ഇന്ത്യയിലുള്ള, ഈ പ്രദേശത്തുള്ള ഒരു കഥാപാത്രമല്ലേ? ഞാൻ പ്രതികരിച്ചതുകൊണ്ട് അവർ സെൻസർ സർട്ടിഫിക്കറ്റ് തരാൻ പോകുന്നില്ല. ഈ പ്രശ്‌നങ്ങളും തീരില്ല. എനിക്ക് എന്തെങ്കിലും അധികാരം ഉണ്ടെങ്കിൽ അല്ലേ പറഞ്ഞിട്ട് കാര്യമുള്ളൂ’ എന്നാണ് ഷൈൻ പറഞ്ഞത്.

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’. ജൂൺ 27-ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ല. തുടർന്ന് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. നിർമാതാക്കളുടെ അഭ്യർഥനയെത്തുടർന്ന് കേസ് പരിഗണിക്കുന്ന ബെഞ്ച് സിനിമ കാണുകയും ചെയ്തിരുന്നു.

Read more