CSK VS PBKS: അവനാണ് ഞങ്ങളുടെ പോരാളി, ആ താരം ഇല്ലായിരുന്നെങ്കില്‍..., വെടിക്കെട്ട് ബാറ്ററെ അടുത്ത സീസണിലും നിലനിര്‍ത്തുമെന്ന് സൂചന നല്‍കി ധോണി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ജയത്തോടെ പോയിന്റ് ടേബിളില്‍ വീണ്ടും മുന്നേറിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. എം ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ബാറ്റിങ്ങില്‍ ചെന്നൈ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ മറികടക്കുകയായിരുന്നു പഞ്ചാബ്. ടീമിനായി മുന്നില്‍ നിന്ന് നയിച്ച പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരാണ് കളിയിലെ താരമായത്. സാം കറണ്‍(88) അര്‍ധശതകം നേടി മുന്നില്‍ നിന്ന് നയിച്ചെങ്കിലും ചെന്നൈയെ വിജയത്തില്‍ എത്തിക്കാനായില്ല.

ഇന്നലത്തെ തോല്‍വിയോടെ പോയിന്റ് ടേബിളിലെ അവസാന സ്ഥാനം ചെന്നൈ ഏറെക്കുറെ ഉറപ്പിച്ചു. തുടര്‍ച്ചയായ തോല്‍വികള്‍ക്കിടെയിലും ഒരു ജയമെങ്കിലും നേടാന്‍ അവര്‍ക്കായിട്ടില്ല. അതേസമയം സാം കറണ്‍ ടീമിന്റെ ഫൈറ്ററാണെന്ന് തുറന്നുപറയുകയാണ് ക്യാപ്റ്റന്‍ എംഎസ് ധോണി. ബ്രേവിസും സാമും ഉണ്ടാക്കിയ കൂട്ടുകെട്ട് വളരെ നല്ലതായിരുന്നു. അവസാന നാല് പന്തുകള്‍ ഞങ്ങള്‍ കളിച്ചില്ല. 19ാമത്തെ ഓവറിലാവട്ടെ ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പുറത്തായി. അടുത്ത മത്സരങ്ങളില്‍ ആ ഏഴ് പന്തുകള്‍ വളരെ അര്‍ത്ഥവത്താണ്.

സാം കറന്‍ ഒരു പോരാളിയാണെന്ന്‌ നമുക്ക് എല്ലാവര്‍ക്കുമറിയാം. അവന്‍ എപ്പോള്‍ വന്നാലും ടീമിന് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇതുവരെ, അദ്ദേഹത്തിന് ഒരു അവസരം നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചപ്പോഴെല്ലാം, വിക്കറ്റ് വേഗത കുറഞ്ഞതായിരുന്നു, അദ്ദേഹത്തിന് അത് അല്‍പ്പം ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇന്നത്തെ വിക്കറ്റ് ഈ ടൂര്‍ണമെന്റില്‍ ഞങ്ങളുടെ സ്വന്തം ഗ്രൗണ്ടില്‍ ലഭിച്ച ഏറ്റവും മികച്ച വിക്കറ്റുകളില്‍ ഒന്നായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് 15 റണ്‍സ് കൂടി ആവശ്യമാണെന്ന് എനിക്ക് തോന്നിയത്, ധോണി വ്യക്തമാക്കി.

അതേസമയം ചെന്നൈയുടെ പുതിയ താരം ഡെവാള്‍ഡ് ബ്രെവിസിന്റെ പെര്‍ഫോമന്‍സിനെ പ്രശംസിച്ച ധോണി അടുത്ത സീസണിലും താരത്തെ നിലനിര്‍ത്തുമെന്ന സൂചന നല്‍കി.

Read more