അവസരം കിട്ടിയാല്‍ ഇനിയൂം ടെസ്റ്റില്‍ നയിക്കും ; ഏകദിനത്തില്‍ ഓപ്പണറുടെ റോള്‍ ചെയ്യുമെന്ന് രാഹുല്‍

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ ഓപ്പണറായി ഇറങ്ങുമെന്ന് ഇന്ത്യന്‍ നായകന്‍ കെ.എല്‍.രാഹുല്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാളെ തുടങ്ങുന്ന ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കുന്നത് കെ.എല്‍.രാഹുലാണ്. ഇന്ത്യയുടെ ഏകദിന നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഓപ്പണറുടെ റോള്‍ കൂടി കെഎല്‍ രാഹുല്‍ ഏറ്റെടുക്കും. ഏകദിനത്തിലെ ഇന്ത്യന്‍ ടീം കോമ്പിനേഷനെക്കുറിച്ചും ആദ്യമായി ടീമിനെ നയിക്കുന്നതിനെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍.

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാവുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും എന്നാല്‍ ഇനിയും അവസരം കിട്ടിയാല്‍ ടീമിനെ നയിക്കുമെന്നും പൈതൃകം തുടരാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചു. മല്‍സരഫലം പ്രതീക്ഷിച്ചതു പോലെ വന്നില്ലെങ്കിലും ഒരു സ്പെഷ്യല്‍ അനുഭവം തന്നെയായിരുന്നു. ഏകദിനത്തില്‍ ഓരോ മത്സരത്തെയും ഓരോന്നായി കാണാനാണ് താല്‍പ്പര്യം. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ സന്തുലിതമായി തുടരനാണ് എന്റെ ശ്രമം, ഒരു സമയത്ത് ഒരു മല്‍സരമെന്ന നിലയില്‍ മാത്രമേ എടുക്കുന്നുള്ളൂ എന്നും പറഞ്ഞു.

മൂന്‍ നായകനായ മഹേന്ദ്രസിംഗ് ധോനിയ്ക്കും വിരാട് കോഹ്ലിയ്ക്കും കീഴില്‍ കളിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ ടീമിനെ നയിച്ചപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. മുന്‍ നായകന്മാരില്‍ നിന്നെല്ലാം പാഠമുള്‍ക്കൊള്ളാനും നായകനെന്ന നിലയിലുള്ള യാത്രയില്‍ മെച്ചപ്പെടാനും കഴിയുമെന്നും പ്രതീക്ഷിക്കുന്നു. രണ്ടു മഹാന്മാരായ ക്യാപ്റ്റന്‍മാര്‍ ഞങ്ങള്‍ക്കു വഴി കാണിച്ചുതന്നു, വിരാടിനു കീഴില്‍ അസാധാരണമായ കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്തു. അതില്‍ നിന്നും ടീമിനെ കെട്ടിപ്പെടുക്കുകയെന്നതു പ്രധാനമാണെന്നും രാഹുല്‍ പറഞ്ഞു.