കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്‍റെ വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി ആര്.ബിന്ദു. ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി പറഞ്ഞു. സർക്കാരിന് തിരിച്ചടിയല്ലെന്നും അപ്പീലുമായി മേൽക്കോടതികളിൽ പോയാൽ പ്രവേശന നടപടികള്‍ വൈകുമെന്നത് കൊണ്ടാണ് സുപ്രീംകോടതിയില്‍ അപ്പീൽ പോകാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പഴയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഇത് നടപ്പാക്കും. എന്‍ട്രന്‍സ് കമ്മീഷന് അതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് ഇത്തവണത്തെ എഞ്ചിനീയറിംഗ് പ്രവേശനം പഴയ ഫോർമുലയിൽ തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Read more
പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിഗിംൾ ബെഞ്ചിന്‍റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവച്ചു. പഴയ ഫോർമുല അനുസരിച്ച് പട്ടിക പുതുക്കുമ്പോള്‍ നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി പേർ പുറത്തുപോകും.







