അയര്‍ലന്‍ഡ് പര്യടനം: സഞ്ജുവിന് അനുയോജ്യമായ ബാറ്റിംഗ് പൊസിഷനേത്; മുന്‍ താരം പറയുന്നു

വിന്‍ഡീസ് പര്യടനത്തിന് പിന്നാലെ അയര്‍ലന്‍ഡ് പര്യടനത്തിനൊരുങ്ങുന്ന സഞ്ജു സാംസണിന് ഉചിതരമായ ബാറ്റിംഗ് പൊസിഷന്‍ നിര്‍ദ്ദേശിച്ച് മുന്‍ താരം അഭിഷേക് നായര്‍. സഞ്ജുവിനെ മൂന്നാം നമ്പരില്‍ കളിപ്പിക്കണമെന്നാണ് അഭിഷേക് പറയുന്നത്. വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു ആറാം നമ്പറിലും അഞ്ചാം നമ്പറിലുമാണ് ബാറ്റ് ചെയ്തത്.

സഞ്ജു സാംസണെ നന്നായി ഉപയോഗിക്കാനാണ് ടീം ആഗ്രഹിക്കുന്നതെങ്കില്‍ അവനെ മൂന്നാം നമ്പറില്‍ കളിപ്പിക്കണം. കാരണം അതാണ് അവന്റെ ബെസ്റ്റ് ബാറ്റിംഗ് പൊസിഷന്‍. ആ നമ്പറിലാണ് അവന്‍ കൂടുതല്‍ കളിച്ചതും റണ്‍സടിച്ചതും. സഞ്ജുവിനെ ആ റോളില്‍ കളിപ്പിക്കാന്‍ സാധിക്കില്ലെങ്കില്‍ അവനെ കളിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.

റിങ്കു സിംഗ് ഫിനിഷര്‍ റോളിലുണ്ടാവും. അവന് തൊട്ടുമുമ്പായി സഞ്ജുവിനെ ഇറക്കാനാണ് പദ്ധതിയെങ്കില്‍ അത് ചെയ്യരുത്. സഞ്ജു സാംസണിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചാല്‍ സ്പിന്നര്‍മാരെ കൂടുതല്‍ നന്നായി നേരിട്ട് റണ്‍സുയര്‍ത്താനാവും.

Read more

സഞ്ജുവിന് അനുയോജ്യമായ ബാറ്റിങ് പൊസിഷനാണത്. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്- അഭിഷേക് നായര്‍ പറഞ്ഞു.