IPL 2025: ലീഗ് തുടങ്ങുന്നത് നല്ല കാര്യം തന്നെ, പക്ഷെ ശേഷിക്കുന്ന മത്സരങ്ങളിൽ ആ വക പരിപാടികൾ എല്ലാം ബിസിസിഐ ഒഴിവാക്കണം; ആവശ്യവുമായി സുനിൽ ഗവാസ്‌കർ; പറഞ്ഞത് ഇങ്ങനെ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, നിർത്തിവെച്ചിരുന്നു ഐപിഎൽ 2025 ഈ വാരാന്ത്യത്തിൽ പുനരാരംഭിക്കും. മെയ് 17 ന് എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് വീണ്ടും ഇന്ത്യൻ പ്രീമിയർ ലീഗ് ഉത്സവം ആരംഭിക്കുന്നത്.

ഐ‌പി‌എൽ പുനരാരംഭിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ, സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് സംഗീതം, ഡി‌ജെകൾ, ചിയർ ലീഡറുകൾ എന്നിവ ഒഴിവാക്കണമെന്ന് സുനിൽ ഗവാസ്‌കർ ബി‌സി‌സി‌ഐയോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങൾക്കുമിടയിൽ സംഭവിച്ചതിൽ ആഘാതമേറ്റ കുടുംബങ്ങൾക്ക് ലീഗ് ബഹുമാനം കാണിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

പഹൽഗാമിൽ 26 പേരുടെ മരണത്തിന് കാരണമായ ദാരുണമായ ഭീകരാക്രമണത്തെത്തുടർന്ന് വെടിനിർത്തൽ കരാർ നിലവിൽ വന്നതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം വന്നത്. ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പി‌ഒ‌കെ) തീവ്രവാദി ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യം ആരംഭിച്ചു.

അതിർത്തിയിൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്, എങ്കിലും ആഘോഷങ്ങളില്ലാതെ മത്സരങ്ങൾ നടത്തണമെന്ന് ഗവാസ്കർ നിർബന്ധിച്ചു.

“നമ്മൾ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഇതുവരെ നന്നായി ആഘോഷിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ നമ്മൾ ആഘോഷം ഒഴിവാക്കണം. ഉച്ചത്തിലുള്ള സംഗീതമോ ഡിജെയോ ഒഴിവാക്കാം, സമീപകാലത്ത് ചില കുടുംബങ്ങൾക്ക് സംഭവിച്ചത് കണക്കിലെടുക്കുമ്പോൾ നമ്മൾ അവരെ ആദരിക്കണം” ഗവാസ്കർ സ്പോർട്സ് ടുഡേയോട് പറഞ്ഞു.

“നമുക്ക് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ജനക്കൂട്ടം സ്റ്റേഡിയത്തിൽ വരണം. പക്ഷേ പ്രധാന ശ്രദ്ധ ടൂർണമെന്റ് തന്നെയായിരിക്കണം. ചിയർലീഡേഴ്സ് വേണ്ട എന്നാണ് ഞാൻ പറയുന്നത്. തങ്ങളുടെ ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട കുടുംബങ്ങളുടെ വികാരത്തെ ബഹുമാനിക്കാൻ അത് മാത്രമായിരിക്കും നല്ല മാർഗം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂർണമെന്റ് സസ്‌പെൻഡ് ചെയ്യും എന്നാണ് ആദ്യം വന്ന വാർത്ത എങ്കിലും സ്ഥിതി മെച്ചപ്പെട്ടതോടെ ലീഗ് വീണ്ടും തുടങ്ങാൻ തീരുമാനിക്കുക ആയിരുന്നു.