ഐപിഎല്‍ 2024: ബുംറ സിഎസ്കെയിലേക്ക്?, മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്തു, കിളിപറന്ന് ആരാധകര്‍

ഐപിഎല്‍ പുതിയ സീസണിനുള്ള ഒരുക്കങ്ങല്‍ ആരംഭിച്ചപ്പോള്‍ ഏവരെയും ഞെട്ടിച്ചത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചുവരവാണ്. തികച്ചും അപ്രതീക്ഷിതമായാണ് ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ വിജയ നായകനെ തന്നെ മുംബൈയ്ക്ക് കൈമാറിയത്. പക്ഷേ ഈ തിരിച്ചുവരവ് മുംബൈ ഇന്ത്യന്‍സില്‍ ചിലപൊട്ടിത്തെറികള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ടീം ഇന്ത്യയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും പേസ് ഹെഡ് ജസ്പ്രീത് ബുംറ ഇന്‍സ്റ്റാഗ്രാമില്‍ ഒരു നിഗൂഢമായ സ്റ്റോറി പോസ്റ്റ് ചെയ്തു. ഐപിഎല്‍ 2024 ന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യയുടെ ഫ്രാഞ്ചൈസിയിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ടാണ് ആരാധകര്‍ ഇതിനെ നോക്കി കാണുന്നത്.

ബുംറയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ‘നിശബ്ദതയാണ് മികച്ച ഉത്തരം’ എന്നതാണ്. രോഹിത്തിന് ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാകാന്‍ ബുംറ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഹാര്‍ദ്ദിക്കിന്‍രെ വരവോടെ അത് സാധിക്കില്ലെന്ന നിരാശയുമായി ബുംറയ്‌ക്കെന്നാണ് സോഷ്യല്‍ മീഡിയ സംസാരം.

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ഹാന്‍ഡിലുകള്‍ ബുംറ അണ്‍ഫോളോ ചെയ്തതും ശ്രദ്ധേയമാണ്. താരം ടീം വിട്ടു ചെന്നൈ സൂപ്പര്‍ കിംഗിസലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉണ്ട്. ഡിസംബറില്‍ നടക്കുന്ന താരലേലത്തിന് മുന്നോടിയായി വലിയ അഴിച്ചുപണികള്‍ ഇനിയും ടീമുകള്‍ നടത്തിയേക്കുമെന്നതിനാല്‍ ഈ സാധ്യത പൂര്‍ണ്ണമായും തള്ളാനാവില്ല.

നേരത്തെ ഹാര്‍ദ്ദിക് പാണ്ഡ്യയെ തിരിച്ചു കൊണ്ടുവരുന്നതില്‍ രോഹിത്തിനും അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രോഹിത്തിന്‍റെ വാക്ക് അഗണിച്ചാണ് മുംബൈ മാനേജ്‌മെന്റ് ഹാര്‍ദ്ദിക്കിനെ തിരിച്ചെത്തിച്ചിരിക്കുന്നത്.