എളുപ്പത്തില്‍ ജയിക്കേണ്ട മത്സരത്തെ എങ്ങനെ ഒരു കൂട്ട ആത്മഹത്യയാക്കാം എന്നതില്‍ ഗവേഷണം നടത്തുന്നവര്‍!

പഞ്ചാബിന് പിഴച്ചതെവിടെ ?

165 റണ്‍ ചേസ് ചെയ്യുന്ന ടീമിന് 10.5 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 91 റണ്‍ നേടുക എന്നതിനെക്കാള്‍ മികച്ച ഒരു തുടക്കം ലഭിക്കാനില്ല. വിജയത്തിന് സാധാരണ ചടങ്ങുകള്‍ മാത്രം മതിയായിരുന്നു .

എന്നാല്‍ പഞ്ചാബ് വ്യത്യസ്തരാണ്. എങ്ങനെ എളുപ്പത്തില്‍ ജയിക്കേണ്ട മത്സരത്തെ ഒരു കൂട്ട ആത്മഹത്യയാക്കാം എന്നതില്‍ ഗവേഷണം നടത്തുന്ന ടീമിന് പിഴച്ചത് അടുത്ത 6 ഓവറില്‍ നേടിയ 36 റണ്‍സാണ്. അതിനിടയില്‍ നഷ്ടപ്പെടുത്തിയത് 5 വിക്കറ്റുകളും.

ക്രീസിലിറങ്ങിയ 7 പേരും ബാറ്റ്‌സ്മാന്‍മാരായിരുന്നു .എന്നിട്ടും എത്രയോ മികച്ച തുടക്കം കിട്ടിയിട്ടും അവസാന ഓവറില്‍ 19 റണ്‍സ് നേടേണ്ട ഗതികേട് അവര്‍ സ്വയം സൃഷ്ടിച്ചതാണെന്ന് പറയേണ്ടി വരും.

Image

ആര്‍സിബി പൂര്‍ണമായും മാറിക്കഴിഞ്ഞു. കഴിഞ്ഞ സീസണ്‍ വരെ എത്ര റണ്‍സെടുത്താലും പ്രതിരോധിക്കാന്‍ പറ്റാത്ത ബോളിംഗ് നിര ഇന്ന് ഏതു സ്‌കോറും പ്രതിരോധിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു. ഒപ്പം 6 -7 വ്യത്യസ്ത ബോളിംഗ് ഓപ്ഷനുകളും അവരുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

വിക്കറ്റ് നേടിയില്ലെങ്കിലും ഹര്‍ഷാല്‍ പട്ടേല്‍ മനോഹരമായി പന്തെറിഞ്ഞപ്പോള്‍ 3 നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ചഹാല്‍ പതിവ് പോലെ ക്യാപ്റ്റന്റെ വിശ്വാസം കാത്തു.

Image

ബാറ്റിംഗില്‍ കോഹ്ലിയും എബിഡിയും വന്‍ സ്‌കോറുകള്‍ നേടാഞ്ഞിട്ടും മികച്ച സ്‌കോറുകളിലെത്താന്‍ പറ്റുന്നതും മുന്‍ സീസണുകളെക്കാള്‍ ഒരു ടീമെന്ന നിലയിലെ അവരുടെ ഒത്തിണക്കത്തെ കാണിക്കുന്നു.

11 ഓവറില്‍ 70 ഓളം മാത്രമുണ്ടായിരുന്ന ആര്‍സിബി അടുത്ത 7 ഓവറിനുള്ളില്‍ അവരുടെ സ്‌കോര്‍ ഇരട്ടിയാക്കിയത് ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധശതകത്തിന്റെ പിന്‍ബലത്തിലാണ്. വെറും 33 പന്തില്‍ 4 സിക്‌സറടക്കം പറത്തി 57 ലെത്തിയ മാക്‌സ് വെല്‍ വരും മാച്ചുകളില്‍ എബിഡിയിലെ അതിസമ്മര്‍ദ്ദവും കുറക്കും.

ഷമിയും അര്‍ഷ് ദീപും ഒരു പോലെ മങ്ങി ഓവറില്‍ 9 റണ്‍ വഴങ്ങിയിട്ടും ആര്‍സിബിയെ 164 ല്‍ ഒതുക്കാന്‍ പഞ്ചാബിന് പറ്റി. മാത്രമല്ല ഓപ്പണിങ്ങ് കൂട്ടുകെട്ട് അവര്‍ക്ക് സ്വപ്ന സമാനമായ തുടക്കം നല്‍കി. എന്നിട്ടും പഞ്ചാബ് തോറ്റുവെന്നത് മാപ്പര്‍ഹിക്കാത്ത പ്രകടനം എന്നേ പറയാനാകു. കഴിഞ്ഞ പാദത്തില്‍ കോഹ്ലി, എബിഡിയെയടക്കം പുറത്താക്കി മാസ്മരിക പ്രകടനം കാഴ്ച വെച്ച ഹര്‍പ്രീത് ബ്രാറിന്റെയും അഗര്‍വാളിന്റെ 57 റണ്‍സും പാഴായിപ്പോകേണ്ട അധ്വാനങ്ങളായിരുന്നില്ല.