അഫ്ഗാനിസ്ഥാനെ പോലും എഴുതിത്തള്ളാനാകില്ല, കിരീടസാധ്യത പ്രവചിച്ച് സൂപ്പര്‍ കോച്ച്

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോക കപ്പില്‍ കിരീട സാധ്യതയുളള ടീമുകളെ പ്രവചിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കേരള കോച്ചുമായ ഡേവ് വാട്‌മോര്‍. ഇംഗ്ലണ്ടിനും ഇന്ത്യക്കും തുല്യ കിരീടസാധ്യതയാണ് ഉളളതെന്ന് പറയുന്ന വാട്‌മോര്‍ ക്രിക്കറ്റിലെ പുതുമുഖങ്ങളായ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെയുള്ള ഒരു ടീമിനെയും എഴുതിത്തള്ളുന്നില്ലെന്നും വ്യക്തമാക്കി.

കൊച്ചിയില്‍ ടീമുകളുടെ ലോക കപ്പ് പ്രതീക്ഷകളെ കുറിച്ച് സംസാരിക്കുകയായിരുന്നു 1998ല്‍ ശ്രീലങ്കയ്ക്ക് ലോക കിരീടം സമ്മാനിച്ച പരിശീലകന്‍.

ലോക കപ്പില്‍ ഒരു ടീമിനെയും ചെറുതായി കാണാനാകില്ല. എന്നാല്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുള്ളതും സ്വന്തം നാട്ടില്‍ കളിക്കുന്നതും ഇംഗ്ലണ്ടിന് മേല്‍ക്കെ നല്‍കുന്നു. അണ്ടര്‍ 19 വിഭാഗത്തില്‍ വിരാട് കോഹ്ലി നായകനായി ഇന്ത്യ ലോക കിരീടം നേടുമ്പോള്‍ ഡേവ് വാട്‌മോറായിരുന്നു പരിശീലകന്‍. അന്ന് മുതലുള്ള കോഹ്ലിയുടെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും വാട്മോര്‍ പറഞ്ഞു.

1996ല്‍ ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ പരമ്പരാഗത ശൈലി അട്ടിമറിച്ച് ലോക കിരീടം ചൂടിയപ്പോള്‍ ഡേവ് വാട്‌മോറായിരുന്നു പരിശീലകന്‍. പഴയ പ്രതാപം നഷ്ടപ്പെട്ടെങ്കിലും ശ്രീലങ്കയെയും ഇത്തവണത്തെ എഴുതിത്തള്ളാനാകില്ലെന്നാണ് വാട്‌മോറിന്റെ പക്ഷം.