ഇഷാന് നാല് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഷനോ?; അമ്പയര്‍മാരെ കബളിപ്പിച്ച വിഷയത്തില്‍ വിധി പുറത്ത്

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തിനിടെ ഇഷാന്‍ കിഷന്‍ മനഃപൂര്‍വം അമ്പയര്‍മാരെ കബളിപ്പിച്ച വിഷയത്തില്‍ വിധി പുറത്ത്. ഐസിസി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് നടപടി മുന്നറിയിപ്പില്‍ ഒതുക്കി. സംഭവത്തില്‍ ഇഷാന്‍ കിഷന് നാല് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഷന്‍ ലഭിക്കുമായിരുന്നെങ്കിലും താരത്തിനെതിരായ നടപടി താക്കീതില്‍ ഒതുക്കുകയായിരുന്നു.

ഐസിസിയുടെ പെരുമാറ്റച്ചട്ടത്തില്‍, ആര്‍ട്ടിക്കിള്‍ 2.15 അനുസരിച്ചുള്ള കുറ്റമാണ് ഇഷാന്‍ ചെയ്തത്. അമ്പയറെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ച് അനാവശ്യ ആനുകൂല്യം നേടിയെടുക്കാനുള്ള ശ്രമമാണ് ഇവിടെ കുറ്റകരം. എന്നാല്‍ ഈ ലംഘനത്തിന്റെ ഗൗരവം വിലയിരുത്തുമ്പോള്‍, പെരുമാറ്റം ബോധപൂര്‍വമാണോ എന്നും അല്ലെങ്കില്‍ ബന്ധപ്പെട്ട കളിക്കാരന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധതയാണോ എന്ന് കൂടി പരിഗണിക്കണം നോക്കേണ്ടതുണ്ട്. ഇതിലെ അശ്രദ്ധ ഇഷാനെ തുണച്ചെന്നു വേണം കരുതാന്‍.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദനിത്തില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ ഇഷാന്‍ കിഷന്‍ ടോം ലാഥമിന്റെ ബെയില്‍സിളക്കിയിരുന്നു. ബെയില്‍സ് വീണതുകണ്ട് രോഹിത് ശര്‍മയും കുല്‍ദീപ് യാദവും അത് ബൗള്‍ഡാണെന്ന് തെറ്റിദ്ധരിച്ച് ഔട്ടിനായി അപ്പീല്‍ ചെയ്തതോടെ ലെഗ് അമ്പയര്‍ തീരുമാനം ടിവി അമ്പയര്‍ക്ക് വിട്ടു.

എന്നാല്‍ ലാഥം ക്രീസില്‍ നിന്നിറങ്ങുകയോ പന്ത് സ്റ്റംപില്‍ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും കിഷന്‍ മനഃപൂര്‍വം ബെയില്‍സ് തട്ടിയിട്ട് അമ്പയറെ തെറ്റിദ്ധരിപ്പിച്ചതാണെന്നും റീപ്ലേകളില്‍ വ്യക്തമായി. ഇതോടെ അമ്പയര്‍ നോട്ടൗട്ട് വിധിക്കുകയും ചെയ്തു.