'ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല'; നറുക്കടിച്ചെന്ന് കരുതി വേദിയിൽ, നിരാശനായ വയോധികനെ കണ്ട് കരച്ചിലടക്കാനാവാതെ അനുശ്രീ

ആലപ്പുഴയിലെ ഒരു ടെക്സ്റ്റൈൽസ് ഷോപ്പിൻ്റെ ഉദ്ഘാടന വേദിയിലെത്തിയ നടി അനുശ്രീയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുന്നത്. ടെക്‌സ്‌റ്റൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു നറുക്കെടുപ്പിൽ വിജയിയെ തിരഞ്ഞെടുത്തത് അനുശ്രീ ആയിരുന്നു.

എന്നാൽ സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിച്ച് ഒരു വൃദ്ധൻ വേദിയിലെത്തുകയും സമ്മാനം തനിക്കല്ല എന്നറിഞ്ഞതോടെ നിരാശനായി സ്റ്റേജിൽ നിന്നും ഇറങ്ങി. ഇത് കണ്ട് അനുശ്രീയുടെ കണ്ണ് നിറയുകയും മാറി നിന്ന് കരയുകയും ചെയ്തു.

എന്നാൽ പിന്നീട് ഉദ്ഘടാനം കഴിഞ്ഞ് ഇയാളെ നേരിട്ട് കാണണമെന്നും സമ്മാനം നൽകണമെന്നും അനുശ്രീ പറഞ്ഞതോടെ സദസിൽ നിന്നും ആളെ കണ്ടുപിടിച്ച ശേഷം അനുശ്രീയും കടയുടമയും ചേർന്ന് പണം സമ്മാനമായി നൽകി.

വൈറലായ വിഡിയോയിൽ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലെന്ന് അനുശ്രീ പറയുന്നുണ്ട്. നിരവധി പേരാണ് അനുശ്രീയെ അഭിനന്ദിച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്.