തൃശൂരിലെ വോട്ട് വിവാദത്തിന് പിന്നാലെ എത്തിയ സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ‘ഇത്രയൊക്കെ സഹായിച്ചതിന് നന്ദി’ എന്ന് മന്ത്രി പരിഹസിച്ചു. അതേസമയം വ്യാജ വോട്ട്, ഇരട്ട വോട്ട് ആരോപണത്തെക്കുറിച്ച് കേന്ദ്ര മന്ത്രി മൗനം തുടര്‍ന്നു.
വ്യാജ വോട്ട് വിവാദം തൃശ്ശൂരില്‍ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കളമൊരുക്കിയതിന് പിന്നാലെയാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ എത്തിയത്. 9.30 ഓടെ വന്ദേഭാരതിലാണ് സുരേഷ് ഗോപി എത്തിയത്. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശൂരിലെത്തിയിരുന്നത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സുരേഷ്‌ഗോപിയെ സ്വീകരിച്ചത്.
വലിയ പൊലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്. പിന്നാലെ ഇന്നലെ നടന്ന സിപിഐഎം-ബിജെപി സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ സുരേഷ് ഗോപി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. അതിനിടെ പ്രതിഷേധത്തിനുള്ള സാധ്യതകള്‍ക്കിടെ സുരേഷ് ഗോപിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.







