കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ഓ​ഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുകയാണ്. അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോഡിട്ടുകൊണ്ടാണ് സൂപ്പർതാര ചിത്രം റിലീസിനൊരുങ്ങുന്നത്. കൂലിയുടേതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. ബി​ഗ് ബജറ്റ് സിനിമയ്ക്കായി ചിത്രത്തിലെ താരങ്ങൾ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുളള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിനായി 200 കോടിയാണ് രജനികാന്ത് വാങ്ങുന്നതതെന്നാണ് വിവരം. സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്ന ആമിർ ഖാന് 20 കോടിയും പ്രതിഫലം ലഭിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാലിപ്പോൾ കൂലിക്കായി ആമിർ ഖാൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ആമിർ 20 കോടി വാങ്ങിയെന്ന റിപ്പോർട്ടുകൾ പാടെ തളളുകയാണ് അവർ. രജനി ചിത്രത്തിൽ കഥ പോലും കേൾക്കാതെയാണ് ആമിർ ഖാൻ അഭിനയിക്കാൻ സമ്മതം മൂളിയതെന്നാണ് വിവരം. കൂലിയിൽ 15 മിനിറ്റോളം വരുന്ന സീനുകൾ മാത്രമാണ് ആമിറിനുളളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രജനീകാന്തിന്റെ വലിയ ആരാധകനാണ് ആമിർ ഖാൻ. അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ട്. കൂലിയുടെ അണിയറപ്രവർത്തകരോടും അദ്ദേഹത്തിന് അടുപ്പമുണ്ട്. കഥ പൂർണമായി കേൾക്കാതെ തന്നെ ആമിർ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതം മൂളി. ടീമിനോടുളള അടുപ്പത്തിന്റെ പേരിലാണ് ആ വേഷം അദ്ദേഹം ചെയ്തത്. അതിനായി അദ്ദേഹം പ്രതിഫലമൊന്നും വാങ്ങിയിട്ടില്ല. ആമിർ ഖാനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

Read more

അതേസമയം രജനീകാന്തിന് ആദ്യം പ്രതിഫലമായി നിശ്ചയിച്ചിരുന്നത് 150 കോടിയായിരുന്നുവെന്നും പിന്നീട് അഡ്വാൻസ് ബുക്കിങ് റെക്കോഡുകൾ ഭേദിച്ചതോടെ അത് 200 കോടിയായി ഉയർത്തിയെന്നുമായിരുന്നു ഡെക്കാൻ ക്രോണിക്കിളിന്റെ റിപ്പോർട്ട്. ആമിറിന് 20 കോടിയും നാ​ഗാർജുനയ്ക്ക് 10 കോടിയും സത്യരാജിന് അഞ്ചും ഉപേന്ദ്രയ്ക്ക് നാലു കോടി രൂപ വീതവുമാണ് പ്രതിഫലമെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. ശ്രുതി ഹാസന് നാല് കോടിയും സംവിധായകൻ ലോകേഷ് കനകരാജിന് 50 കോടിയും സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന് 15 കോടിയെന്നും റിപ്പോർട്ടിൽ പറയുന്നു.പൂജ ഹെ​ഗ്ഡെയ്ക്ക് മൂന്ന് കോടിയും സൗബിൻ ഷാഹിറിന് ഒരു കോടി രൂപയെന്നുമാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.