ഇംഗ്ലണ്ടിന്‍റെ ആ ആവശ്യം നടക്കില്ല; യാതൊരു വിട്ടുവീഴ്ച്ചക്കുമില്ലെന്ന് ഗാംഗുലി

പൂര്‍ത്തിയാവാതെ മുടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സംബന്ധിച്ച് ബി.സി.സി.ഐയുടെ നിലപാട് വ്യക്തമാക്കി പ്രസിഡന്റ് സൗരവ് ഗാംഗുലി. പരമ്പര ഇന്ത്യക്ക് അര്‍ഹിക്കുന്നതാണെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും ഗാംഗുലി പറഞ്ഞു. കോവിഡ് ആശങ്കയെ തുടര്‍ന്ന് ഉപേക്ഷിച്ച് അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്ന് നിലപാടിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.

‘ഈ പരമ്പര ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. 2007ന് ശേഷം ഇംഗ്ലണ്ടിലെ ഞങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണിത്. ടെസ്റ്റ് ഫോര്‍മാറ്റിനെ വളരെ പ്രാധാന്യത്തോടെയാണ് ബി.സി.സി.ഐ കാണുന്നത്. അതിനാല്‍ തന്നെ യാതൊരു വിട്ടുവീഴ്ചക്കും ബി.സി.സി.ഐ തയ്യാറല്ല’ സൗരവ് ഗാംഗുലി പറഞ്ഞു.

അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയെ സമീപിച്ചിരിക്കുകയാണ്. ഇരുരാജ്യത്തിന്റെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് മത്സരത്തിന്റെ ഫലത്തിന്റെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ സാധിക്കാത്തതിനാലാണ് ഇ.സി.ബി ഐ.സി.സിയ്ക്ക് കത്തയച്ചത്.

മത്സരം ഉപേക്ഷിച്ചാല്‍ തങ്ങള്‍ക്കു 4 കോടി പൗണ്ടിന്റെ (ഏകദേശം 400 കോടി രൂപ) നഷ്ടം വരുമെന്നാണ് ഇംഗ്ലിഷ് ബോര്‍ഡ് പറയുന്നത്. അതിനാല്‍ മത്സരത്തില്‍ ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണം. അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അവകാശപ്പെടാന്‍ കഴിയുമെന്നുമാണ് ഇംഗ്ലിഷ് ബോര്‍ഡ് വാദിക്കുന്നത്.