ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിംഗിനിടെ വിരലിന് പരിക്കേറ്റ വിരാട് കോഹ്‌ലി കളം വിട്ടു. ഇംഗ്ലണ്ട് ബാറ്റിംഗിനിടെ 18-ാം ഓവർ വരെ ഗ്രൗണ്ടിൽ ഉണ്ടായിരുന്നെങ്കിലും ശേഷം കോഹ്‌ലി മടങ്ങുക ആയിരുന്നു. വിരലിന് പരിക്കേറ്റ വിരാട് ഡ്രസിങ് റൂമിൽ തിരിച്ചെത്തിയെന്നും ഐസ്‌പാക്ക് പ്രയോഗിക്കുകയാണെന്നും മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ വെളിപ്പെടുത്തി.
“വിരലിന് പരിക്കേറ്റ വിരാട് കോഹ്‌ലി ഗ്രൗണ്ടിൽ ഇല്ല, ചികിത്സയ്ക്കായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. പരിക്കേറ്റ വിരലിൽ അദ്ദേഹം ഐസ്പാക്ക് വെച്ചിരിക്കുകയാണ്, ”മുൻ താരം പറഞ്ഞു. എന്തായാലും ആശങ്കൾക്ക് വിരാമം ഇട്ടുകൊണ്ട് കോഹ്‌ലി 31 ആം ഓവറിൽ ഗ്രൗണ്ടിൽ തിരിച്ചെത്തി ഫീൽഡിങ് തുടർന്നു.
മത്സരത്തിലേക്ക് വന്നാൽ കഴിഞ്ഞ മത്സരത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം കോഹ്‌ലി ഇന്നലെ തിളങ്ങി 55 പന്തിൽ 7 ഫോറും 1 സിക്‌സും സഹിതം 52 റൺസ് നേടി. മികച്ച സ്ട്രോക്കുകളും ഷോട്ടുകളും കളിച്ച കോഹ്‌ലി കളം നിറഞ്ഞുതന്നെ നിന്നു. അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 142 റണ്‍സിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കാൻ സാധിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 357 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷ് പട 34.2 ഓവറില്‍ 214 റണ്‍സിന് ഓള്‍ഔട്ടായി. 41 ബോളില്‍ 38 റണ്‍സെടുത്ത ടോം ബാന്‍റനും 19 ബോളില്‍ 38 റണ്‍സെടുത്ത ഗസ് അറ്റ്കിന്‍സണുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍.
ഫില്‍ സാള്‍ട്ട് 21 ബോളില്‍ 23, ബെന്‍ ഡക്കറ്റ് 22 ബോളില്‍ 34, ജോ റൂട്ട് 29 ബോളില്‍ 24, ബാരി ബ്രൂക്ക് 26 ബോളില്‍ 19, ജോസ് ബട്ട്‌ലര്‍ 9 ബോളില്‍ 6, ലിയാം ലിവിംഗ്‌സ്റ്റണ്‍ 23 ബോളില്‍ 9, ആദില്‍ റഷീദ് 0, എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.