ഇവനിത് എന്താ ഈ കാണിക്കുന്നത്..!; ഹാര്‍ദ്ദിക്കിന്റെ ബാറ്റിംഗ് കണ്ട് പ്രകോപിതനായി കോഹ്‌ലി; വൈറലായി വീഡിയോ

ഓസീസിനെതിരായ ഒന്നാം ഏകദിനത്തില്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് കണ്ട് പ്രകോപിതനാകുന്ന വിരാട് കോഹ്‌ലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 18ാം ഓവറില്‍ ലഭിച്ച ഫ്രീഹിറ്റ് ഹാര്‍ദ്ദിക് പാഴാക്കിയതാണ് കോഹ്‌ലിയെ ചൊടിപ്പിച്ചത്.

മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ ഓവറിലായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ഫ്രീ ഹിറ്റ് ലഭിച്ചത്. തന്ത്രപരമായി സ്ലോ ബോളെറിഞ്ഞ സ്റ്റോയ്‌നിസ് ആ പന്തില്‍ ഒരു റണ്‍സ് മാത്രമെ വഴങ്ങിയുള്ളു. ഫ്രീ ഹിറ്റ് മുതലാക്കാനാവാത്തതില്‍ ഹാര്‍ദ്ദിക് നിരാശ പ്രകടിപ്പിക്കുന്നതിനിടെ ഇതു കണ്ട് ഡ്രസ്സിംഗ് റൂമിലിരുന്ന കോഹ്‌ലി ഇവനിത് എന്താണ് ചെയ്യുന്നത് എന്ന രീതിയില്‍ കൈകൊണ്ട് ആഗ്യം കാട്ടി അനിഷ്ടം പ്രകടമാക്കുകയായിരുന്നു.

മത്സരത്തിന്റെ 20ാം ഓവറില്‍ സ്‌റ്റോയിനിസ് തന്നെ ഹാര്‍ദ്ദിക്കിനെ പുറത്താക്കുകയും ചെയ്തു. സ്റ്റോയ്‌നിസിന്റെ അപ്രതീക്ഷിത ബൗണ്‍സറില്‍ സിക്‌സിന് ശ്രമിച്ച ഹാര്‍ദ്ദിക്കിനെ സ്‌ക്വയര്‍ ലെഗ് ബൗണ്ടറില്‍ കാമറൂണ്‍ ഗ്രീന്‍ കൈയിലൊതുക്കുകയായിരുന്നു. 31 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും പറത്തിയ ഹാര്‍ദ്ദിക് 25 റണ്‍സെടുത്ത് പുറത്തായി.

മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ജയിച്ച് കയറിയത്. ഓസീസ് മുന്നോട്ടുവെച്ച 189 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യ 39.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തുടക്കത്തില്‍ വിറച്ച് ഇന്ത്യയെ കെ.എല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് വിജയതീരത്തണച്ചത്.

Read more

ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 108 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത്. കെഎല്‍ രാഹുല്‍ 91 ബോളില്‍ 75 റണ്‍സും ജഡേജ 69 ബോളില്‍ 49 റണ്‍സെടുത്തും പുറത്താകാതെ നിന്നു.