രൺബീർ കപൂർ നായകനാകുന്ന ‘രാമായണ’ എന്ന ചിത്രത്തിന്റെ ബജറ്റ് 4,000 കോടി രൂപ (ഏകദേശം 500 മില്യൺ ഡോളർ) ആണെന്ന് വെളിപ്പെടുത്തി നിർമ്മാതാവ് നമിത് മൽഹോത്ര. രണ്ട് ഭാഗങ്ങളായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് ആണിത്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമാണ് ഇതെന്നാണ് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയുന്നത്.
‘ലോകത്തിലെ ഏറ്റവും വലിയ സിനിമയാണ് നമ്മൾ നിർമ്മിക്കുന്നത്. ഏറ്റവും വലിയ കഥയ്ക്ക് വേണ്ടി, ലോകം കാണേണ്ട ഏറ്റവും വലിയ ഇതിഹാസത്തിന് വേണ്ടി. ഏറ്റവും വലിയ ഹോളിവുഡ് സിനിമകളിൽ ചിലത് നിർമ്മിക്കുന്നതിനേക്കാൾ വിലകുറഞ്ഞതാണ് ഇതെന്ന് ഞാൻ ഇപ്പോഴും കരുതുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാഷ് , അമിതാഭ് ബച്ചൻ, സായ് പല്ലവി , സണ്ണി ഡിയോൾ എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രാമായണ പാർട്ട് 1ൽ വളരെ കുറച്ച് സ്ക്രീൻ ടൈം മാത്രമാണ് യഷിന് ഉണ്ടാവുക. രാവണനായി വേഷമിടുന്ന യഷിന് രാമായണം ഒന്നാം ഭാഗത്തിൽ വെറും 15 മിനിറ്റ് മാത്രമേ സ്ക്രീൻടൈം ഉണ്ടാകൂ. സിനിമയുടെ അവസാന രംഗങ്ങളിലാവും യഷിനെ അവതരിപ്പിക്കുക.
ആദ്യ ഭാഗത്തിൽ കൂടുതലും രാമന്റെ കഥ പറയാൻ ആണ് അണിയറപ്രവർത്തകർ തയ്യാറെടുക്കുന്നത്. രണ്ടാം ഭാഗത്തിലാണ് രാമന്റെയും രാവണന്റെയും കഥ പറഞ്ഞ് അണിയറക്കാർ ഒരുക്കുക. രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്.