ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.
കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെടുത്ത് പുറത്താകാതെ നിന്നു. ബുംറയെയും സിറാജിനെയും കൂട്ടിപിടിച്ച് ജഡേജ വിജയത്തിന് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ബുംറയും സിറാജും ജഡേജയ്ക്കൊപ്പം നിന്ന് 84 ബോളുകൾ അതിജീവിച്ചു.
നാലാം ദിനം നാലിന് 58 റൺസെന്ന നിലയിലാണ് ഇന്നിംഗ്സ് അവസാനിപ്പിച്ച ഇന്ത്യ അവസാന ദിനം വിജയ പ്രതീക്ഷയിലായിരുന്നു. രാഹുൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജയും ഉൾപ്പടെ ബാക്കിയുള്ളതിനാൽ ചെറിയ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ അനായാസം അടുക്കുമെന്ന് കരുതി. എന്നാൽ അതൊന്നും സത്യമായില്ല. ഋഷഭ് പന്ത് (12 പന്തിൽ ഒൻപത്) ആദ്യ മിനിറ്റുകളിൽ തന്നെ പുറത്തായി. പിന്നാലെ കെ.എൽ. രാഹുലും (58 പന്തിൽ 39) പവലിയനിൽ തിരിച്ചെത്തി.
Read more
വാഷിംഗടൺ സുന്ദർ (പൂജ്യം), നിതീഷ് കുമാർ റെഡ്ഡി (53 പന്തിൽ 13) എന്നിവരും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ജൊഫ്രെ ആർച്ചർ, ബെൻ സ്റ്റോക്സ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും ബ്രൈഡൻ കാർസെ രണ്ട് വിക്കറ്റും ക്രിസ് വോക്സ്, ഷൊയ്ബ് ബഷീർ എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്ത്തി.