'ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിക്കണം'; തെറിക്കുക പ്രമുഖ താരത്തിന്റെ സ്ഥാനം

ഇംഗ്ലണ്ടിനെതിരായി ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മായങ്ക് അഗര്‍വാളിനെ കളിപ്പിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത്-ഗില്‍ ജോടി തിളങ്ങാത്ത സാഹചര്യത്തിലാണ് ഗവാസ്‌കറിന്റെ നിര്‍ദ്ദേശം. ഗില്ലിനെ മാറ്റി രോഹിത്തിനൊപ്പം മായങ്കിനെ കളിപ്പിക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

“മായങ്ക് മികച്ച ഓപ്പണറാണ്. ഇന്ത്യക്കു വേണ്ടി അവന്‍ നന്നായി പെര്‍ഫോം ചെയ്തു. ഓപ്പണറായി രണ്ടു ഡബിള്‍ സെഞ്ച്വറികളും നേടി. ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു മുമ്പ് ചില സന്നാഹ മല്‍സരങ്ങള്‍ നടത്താന്‍ ബിസിസിഐ മുന്‍കൈയെടുത്തത് നല്ല കാര്യമാണ്. മായങ്ക്, ഗില്‍ ഇവരില്‍ ഇന്ത്യക്കു വേണ്ടി ആര് ഓപ്പണ്‍ ചെയ്യണമെന്നറിയാന്‍ ഇതു സഹായിക്കും.”

“രോഹിത് പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പുള്ളയാളാണ്. അതിനാല്‍ത്തന്നെ ഒരു സന്നാഹത്തില്‍ രോഹിത്തിന് വിശ്രമം നല്‍കാം. കാരണം രോഹിത് പുറത്തിരിക്കുന്ന കളിയില്‍ മായങ്ക്- ഗില്‍ ജോടിയെ ഓപ്പണിംഗില്‍ പരീക്ഷിക്കുകയും ചെയ്യാം. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച ബാറ്റ്സ്മാനെന്നു മനസ്സിലാക്കാന്‍ ഇതു സഹായിക്കും. അതിനു ശേഷം രോഹിത്തിന്റെ പങ്കാളിയായി ടെസ്റ്റില്‍ ആരു വേണമെന്നു തീരുമാനിക്കാം” ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ ഇന്നിംഗ്‌സില്‍ രോഹിത്-ഗില്‍ സഖ്യം അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്തിരുന്നെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ പരാജയപ്പെട്ടിരുന്നു. രോഹിത് ഏറെക്കുറെ മികച്ചു നിന്നപ്പോള്‍ ഗില്ലില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടായില്ല. ഗില്ലിനെ ഓപ്പണിംഗില്‍ നിന്നു മാറ്റി മധ്യനിരയില്‍ കളിപ്പിക്കണമെന്ന് ആവശ്യം ഇതിനോടം ശക്തമായിട്ടുണ്ട്.