അഡ്‌ലെയ്ഡിൽ മൂന്നാം ദിനം ബാറ്റിംഗിന് ഇന്ത്യ ഇറങ്ങുമ്പോൾ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു- ഇന്നിംഗ്സ് തോൽവി ഒഴിവാകുമോ, എത്ര നേരം ടീം പിടിച്ചുനിൽക്കും. എന്തായാലും ഇന്നിംഗ്സ് തോൽവി എന്ന നാണക്കേട് ഒഴിവാക്കിയെങ്കിലും നാണംകെട്ട തോൽവിയിലേക്കാണ് ടീം വീണിരിക്കുന്നത്. ആദ്യ ടെസ്റ്റിലെ വമ്പൻ തോൽവിയുടെ അപമാനം പേറി രണ്ടാം ടെസ്റ്റിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് 10 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ത്യ രണ്ടാം ഇന്നിങ്സിന് ശേഷം ഉയർത്തിയ 19 റൺ വിജലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ വളരെ എളുപ്പത്തിൽ തന്നെ ജയം സ്വന്തമാക്കുക ആയിരുന്നു.
മത്സരത്തിൽ പൂർണമായ പരാജയമായത് ബാറ്റിംഗ് യൂണിറ്റിന് വന്ന പിഴവുകളാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. പ്രധാന ബാറ്റ്‌സ്മാന്മാർ ആരും തന്നെ പ്രതീക്ഷക്കൊത്ത പ്രകടനങ്ങൾ കാഴ്ച വെച്ചില്ല. ടീം എന്ത് കൊണ്ടാണ് തോറ്റതെന്ന കാരണം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കമന്റേറ്റർ ആകാശ് ചോപ്ര.
ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:
‘അഡലെയ്ഡില്‍ എവിടെയാണ് പിഴച്ചതെന്നാണ് വലിയ ചോദ്യം. ബാറ്റിങ് പരാജയമായിരുന്നുവെന്നതാണ് സത്യം. അത് ഒന്നല്ല മറിച്ച് രണ്ടുതവണ സംഭവിച്ചു. ആദ്യം ബാറ്റുചെയ്യാമെന്ന തീരുമാനം വളരെ ശരിയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 180 റണ്‍സിന് പുറത്തായതും ന്യായീകരിക്കാം. എന്നാല്‍ രണ്ടാം ഇന്നിങ്‌സോ, പിച്ചില്‍ യാതൊരു അപകടവും ഉണ്ടായിരുന്നില്ല”
ആകാശ് ചോപ്ര തുടർന്നു:
Read more
“ഒന്നാം ഇന്നിങ്‌സില്‍ ബൗളര്‍മാരെ പിച്ച് സഹായിച്ചിരുന്നു. എന്നാല്‍ ബാറ്റര്‍മാര്‍ക്ക് അങ്ങനെയായിരുന്നില്ല. ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി 80 ഓവര്‍ പോലും തികച്ച് ബാറ്റുചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു പ്രശ്‌നമാണ്. 80 മുതല്‍ 100 പന്തുകള്‍ പ്രതിരോധിക്കാന്‍ തയ്യാറായി ഇറങ്ങിയ ഒരു ബാറ്റര്‍ പോലും ടീമിലുണ്ടായിരുന്നില്ല. ഇന്ത്യന്‍ നിരയില്‍ ഒരു കളിക്കാരന്‍ പോലും 50 പന്തുകള്‍ കളിച്ചിട്ടില്ല. 50 റണ്‍സിനെ കുറിച്ചല്ല പറയുന്നതെന്ന് ഓര്‍ക്കണം. 50 പന്തുകള്‍ നേരിടാന്‍ പോലും ഒരു ഇന്ത്യന്‍ ബാറ്റര്‍ക്കും കഴിഞ്ഞില്ല” ആകാശ് ചോപ്ര പറഞ്ഞു.