ടെസ്റ്റില്‍ വീഴ്ത്തിയപോലെ ഏകദിനത്തില്‍ ആവാമെന്ന് കരുതണ്ട, വിയര്‍ത്ത് പുകയും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുന്‍ താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ-ഓസീസ് ഇരുടീമുകളും ഇപ്പോള്‍ ഏറ്റുമുട്ടുകയാണ്. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്. ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം അവര്‍ മൂന്ന് മത്സര ഏകദിന പരമ്പര കളിക്കും. മാര്‍ച്ച് 17 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യ ഏകദിന മത്സരം നടക്കും.

ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഓസീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റില്‍നിന്ന് വ്യത്യസ്തമായി ശക്തമായ ടീമിനെയാണ് ഇന്ത്യയ്‌ക്കെതിരെ ഓസീസ് ഏകദിനത്തില്‍ അണിനിരത്തിയിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര. ടെസ്റ്റില്‍നിന്നും വ്യത്യസ്തമായി ശക്തമായ ഒരു പോരാട്ടം ഏകദിന പരമ്പരയില്‍ പ്രതീക്ഷിക്കാമെന്ന് ചോപ്ര വിശ്വസിക്കുന്നു.

ഓസ്ട്രേലിയ ഏകദിന സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നു. സാധാരണയായി ഏകദിന ഫോര്‍മാറ്റില്‍ കളിക്കാന്‍ ടീമുകള്‍ ഇവിടെ വരുമ്പോള്‍ ദയനീയമായി തോല്‍ക്കാറുണ്ട്. മത്സരങ്ങള്‍ അത്ര മികച്ചതാകാറില്ല. പക്ഷേ ഈ ടീം ഏറെ കരുത്തുറ്റതാണ്. മികച്ച മത്സരം നമുക്ക് പ്രതീക്ഷിക്കാം.

ആദ്യമായി, ഇന്ത്യയ്ക്ക് ഒരു പോരാട്ടം നല്‍കാന്‍ കഴിയുന്ന ഒരു ടീം വന്നതായി തോന്നുന്നു. അവിടെ എന്ത് തരത്തിലുള്ള അന്തരീക്ഷം ഉണ്ടാകുമെന്ന് അറിയില്ല. ശക്തമായ ഏകദിന പരമ്പരയ്ക്കായി ഞാന്‍ ശരിക്കും കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ ഇത് നല്ല ടീമാണ്- ആകാശ് ചോപ്ര പറഞ്ഞു.

അടുത്ത മാസം 17,19, 22 തിയതികളിലാണ് മത്സരങ്ങള്‍. മുംബൈയിലും വിശാഖപട്ടണത്തും ചെന്നൈയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഓസ്ട്രേലിയ ഏകദിന ടീം: പാറ്റ് കമ്മിന്‍സ്, സീന്‍ ആബട്ട്, ആഷ്ടണ്‍ അഗര്‍, അലക്സ് കാരി, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലാബുഷാഗ്‌നെ, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, ജേ റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോണിനിസ്. ഡേവിഡ് വാര്‍ണര്‍, ആദം സാമ്പ